Home Latest News കേന്ദ്രം കൈയൊഴിഞ്ഞു ; സംസ്ഥാനങ്ങൾക്ക്‌ 80,000 കോടിയുടെ ബാധ്യത

കേന്ദ്രം കൈയൊഴിഞ്ഞു ; സംസ്ഥാനങ്ങൾക്ക്‌ 80,000 കോടിയുടെ ബാധ്യത

by Green Media Vision

തിരുവനന്തപുരം :മഹാമാരിയിൽ വലയുന്ന ജനത്തിന്‌ കോവിഡ്‌ വാക്‌സിൻ നൽകേണ്ട ചുമതല കേന്ദ്രം കൈയൊഴിഞ്ഞു. വാക്‌സിൻ വില നിർണയിക്കാനുള്ള അധികാരം മരുന്ന്‌ കമ്പനിക്ക്‌ നൽകിയതിലൂടെ ഡോസിന്‌ കുറഞ്ഞത്‌ 400 മുതൽ 1000 രൂപവരെ വിലയാകും. വാക്‌സിന്‌ സംസ്ഥാനങ്ങൾ തമ്മിൽ മത്സരമുണ്ടായാൽ വില പിന്നെയും ഉയരാം. ഫലത്തിൽ ഒരാൾക്ക് രണ്ട്‌‌ ഡോസ്‌ വാക്‌സിൻ ഉറപ്പാക്കാൻ രണ്ടായിരം രൂപയെങ്കിലും മുടക്കേണ്ടി വരും. 18–-45 പ്രായ വിഭാഗത്തിൽ രാജ്യത്ത്‌ ഏതാണ്ട്‌ 40 കോടിയിലേറെ പേരുണ്ട്‌. ഇവർക്ക്‌ ഉടൻ വാക്‌സിൻ നൽകാൻ ആവശ്യമായ ‌ 80,000 കോടിയോളം രൂപ പൂർണമായും സംസ്ഥാനങ്ങളുടെ തലയിലേക്കാണ്‌ വരുന്നത്‌. ജിഎസ്‌ടിയിലും കോവിഡിലും നടുവൊടിഞ്ഞ സംസ്ഥാനങ്ങൾക്കുമേൽ മറ്റൊരു കേന്ദ്രപ്രഹരം. ഇന്ത്യയിൽ നിർമിക്കുന്ന വാക്‌സിന്റെ പകുതി സംസ്ഥാന സർക്കാരുകൾക്ക് നേരിട്ട്‌ വാങ്ങാം‌. വിലയിൽ ലേലം വിളിവരെ ഉണ്ടാകാനുള്ള സാധ്യതകളും വിപണി വിദഗ്‌ധർ തള്ളുന്നില്ല. ആരോഗ്യ, പ്രതിരോധ പ്രവർത്തകർ, 45 വയസ്സിനു മുകളിലുള്ളവർ തുടങ്ങിയവർക്ക്‌ സൗജന്യ വാക്‌സിൻ തുടരുമെന്നാണ്‌ കേന്ദ്രപ്രഖ്യാപനം. എന്നാൽ ആവശ്യത്തിന്‌ വാക്‌സിൻ നൽകാത്തതിനാൽ അതും നടപ്പായില്ല. മെയ് ഒന്നിനുമുമ്പുള്ള പൊതുവിപണി വിലയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുകൾ, സ്വകാര്യ ആശുപത്രികൾ, വ്യാവസായിക സ്ഥാപനങ്ങൾ എന്നിവയ്‌ക്ക്‌ നിർമാതാക്കളിൽനിന്ന് വാക്‌സിൻ വാങ്ങാൻ കഴിയുമെന്ന പ്രതീക്ഷ മാത്രമാണ്‌ കേന്ദ്ര സർക്കാർ ഇപ്പോൾ പങ്കുവയ്‌ക്കുന്നത്‌.

You may also like

Leave a Comment