കൊല്ലം: കെ റെയില്‍ സ്ഥലമേറ്റടുക്കലിനെതിരെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധം. സ്ഥലമേറ്റെടുക്കാന്‍ കല്ലിടുന്നതിനിടെയാണ് പ്രതിഷേധം നടന്നത്. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം. റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. കെ റെയില്‍ സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി കല്ലിടാനായി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കയ്യില്‍ ലൈറ്ററുമായി കുടുംബം പ്രതിഷേധിച്ചു. ഇവരുടെ വീടിന് മുന്നിലാണ് കല്ലിടാനായി എത്തിയത്. ഒടുവില്‍ പൊലീസ് ഇടപെട്ടാണ് ഇവരെ ശാന്തമാക്കിയത്. കൊല്ലത്തെ സ്ഥമേറ്റെടുക്കല്‍ നടപടികള്‍ ദിവസങ്ങളായി തുടരുകയാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ ഇടങ്ങളിലായി ഉയരുന്നത്. 14 പഞ്ചായത്തുകളിലൂടെയാണ് പദ്ധതിയുടെ പാത കടന്നുപോകുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവുമായി ആളുകള്‍ എത്തിയിരുന്നു. അതേസമയം മലപ്പുറം ജില്ലയിലും കെ റെയിലിനെതിരെ പ്രതിഷേധം നടന്നു. കെ. റെയിലിന്റെ പരപ്പനങ്ങാടിയില്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കാനിരുന്ന ഓഫീസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി. ജീവനക്കാരെ തടഞ്ഞ് നിര്‍ത്തി പ്രതിഷേധം തുടര്‍ന്നതോടെ പൊലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.