കൊല്ലം : സ്ത്രീധനം കുറഞ്ഞതിന് ഭാര്യയെ കൊലപ്പെടുത്തിയ ആളെ ജീവപര്യന്തം കഠിന തടവും പതിനൊന്ന് ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴ തുക കൊല്ലപ്പെട്ട ടോമി ബിയര്‍ലിയുടെ രണ്ട് കുട്ടികള്‍ക്ക് നല്‍കണമെന്നുമാണ് വിധി. കൊല്ലം ജില്ലാ പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.വി. ജയകുമാറാണ് ശിക്ഷ വിധിച്ചത്. തേവലക്കര വില്ലേജില്‍ കോയിവിള കിഴക്കേപ്പുറം വീട്ടില്‍ വല്ലേരിയന്‍ മകന് ബാബു വല്ലേരിയനെയാണ് (50) കൊലപാതകത്തിന് ശിക്ഷിച്ചത്. ഇയാളുടെ ഭാര്യയും എറണാകുളം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ കണ്ടക്ടറുമായിരുന്ന ടോമി ബിയര്‍ലി (36) ആണ് കൊലചെയ്യപ്പെട്ടത്. 18.08.2016 രാത്രിയാണ് കൊലപാതകം നടന്നത്.
സ്ത്രീധന സംബന്ധമായി ഭാര്യയുമായി നിരന്തരം വഴക്കും ദേഹോപദ്രവവും ഉണ്ടായതിനെ തുടര്‍ന്ന് ഇവര്‍ തെക്കുംഭാഗം പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ 2016 ജനുവരി ഏഴിന് സ്ത്രീധന നിരോധന നിയമ പ്രകാരം കേസ് എടുത്തിരുന്നു. തുടര്‍ന്ന് ഇവര്‍ വേറിട്ട് താമസിച്ച് വരുകയായിരുന്നു. 2016 ആഗസ്റ്റ് മാസം 18ന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുകയായിരുന്ന ടോമി ബിയര്‍ലിയെ ഇയാള്‍ അനുനയത്തില്‍ വിളിച്ച് ഇയാളുടെ വീട്ടില്‍ കൊണ്ട് പോയി കഴുത്തിലും ശരീരത്തിലും മരകമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. അന്നത്തെ ചവറ സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഇപ്പോള്‍ ചാത്തന്നൂര്‍ എ.സി.പിയും ആയ ബി. ഗോപകുമാറാണ് അന്വേഷണോദ്ദ്യോഗസ്ഥന്. തെക്കുംഭാഗം എസ്.ഐയും ഇപ്പോള്‍ കൈനടി എസ്.എച്.ഒയുമായ ആര്. രാജീവ്, എസ്.ഐ മാരായ റ്റി.എ. നിസാര്‍, സുനില്‍ എ.എസ്.ഐ എം. അബ്ദുല്‍ ലത്തീഫ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ളിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. പരിപ്പളളി രവീന്ദ്രനാണ് ഹാജരായത്. പ്രോസിക്യൂഷന് സഹായിയ ആയി എ.എസ്സ്.ഐ റൗവുഫ് ഹാജരായിരുന്നു.