കൊച്ചി: നടൻ ദിലീപിനെതിരേ വീണ്ടും നിലപാട് കടുപ്പിച്ച് പ്രോസിക്യൂഷൻ. പ്രതി വിഐപിയാണോ എന്ന് അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ ചോദിച്ചു. കേരളത്തിൽ മറ്റൊരു പ്രതിക്കും കിട്ടാത്ത ആനുകൂല്യമാണ് ദിലീപിന് ലഭിച്ചിരിക്കുന്നത്. കേസിൽ പ്രതി ഉപാധികൾ വയ്ക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗുഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷൻ ശക്തമായ വാദങ്ങൾ ഉന്നയിച്ചത്.
കേസിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45ന് വാദം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു.കുറ്റക്കാരെന്ന് തെളിയിക്കുന്ന പെരുമാറ്റമാണ് പ്രതികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. കോടതി സംരക്ഷണത്തിന്റെ മറവിൽ കേസിലെ തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചു. നൽകാമെന്ന് കോടതിക്ക് മുന്നിൽ പറഞ്ഞ ഫോണുകൾ പോലും നൽകിയില്ലെന്നും ഫോണ് ഉടൻ കൈമാറണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.വീട്ടിൽ നിന്നുള്ള എല്ലാ ഗാഡ്ജറ്റ്സും പോലീസിന്റെ കൈവശമുണ്ട്. കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് തന്നെ ഫോണ് അന്വേഷണ സംഘത്തിന് കൊടുത്തിരുന്നു. തന്റെ അമ്മയൊഴികെ എല്ലാവരെയും പ്രതികളാക്കി.അതിനാൽ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. എന്നാൽ ഏത് അന്വേഷണം വേണമെന്ന് പ്രതിക്ക് ആവശ്യപ്പെടാൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ നിലപാടെടുത്തു.