കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയുടെ കൊലപാതകത്തില്‍ പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. പ്രതിയും മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായതിനാല്‍ ഡോക്ടറോട് കൂടി ആലോചിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. മഹാരാഷ്ട്രക്കാരിയായ ജിയ റാം ജിലോട്ടിനെ സഹ അന്തേവാസിയായ പത്തൊന്‍പതുകാരി കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ബുധനാഴ്ച വൈകുന്നേരം കൊലപാതകം നടന്നിട്ടും വ്യാഴാഴ്ച പുലര്‍ച്ചെ മാത്രമാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ അറിഞ്ഞത്. ആശുപത്രിക്ക് വീഴ്ച ഉണ്ടായോ എന്ന് കണ്ടെത്താനുള്ള ആരോഗ്യ വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഡി.എം.ഒ യുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി ഡി.എം.ഒ ആണ് അന്വേഷണം നടത്തുന്നത്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
യുവതിയുടെ മരണം കൊലപാതകമാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മാനസികാരോഗ്യ കേന്ദ്രത്തിലെ തന്നെ മറ്റൊരു അന്തേവാസിയാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുപ്പതുകാരിയായ ജിയ റാമിനെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി. ഉച്ചയ്ക്ക് കഴിച്ച ഭക്ഷണം മാത്രമാണ് വയറ്റിലുണ്ടായിരുന്നത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.ബുധനാഴ്ച വൈകിട്ട് ജിയ റാം ജിലോട്ടും കൊല്‍ക്കത്ത സ്വദേശിനിയായ മറ്റൊരു അന്തേവാസിയും തമ്മില്‍ സെല്ലിനുള്ളില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കൊല്‍ക്കത്ത സ്വദേശിനിക്ക് പരിക്കേറ്റത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഉടന്‍ തന്നെ അവരെ മറ്റൊരു സെല്ലിലേക്ക് മാറ്റി ചികിത്സ നല്‍കിയെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാല്‍ ജിയ റാം മരിച്ചത് വ്യാഴാഴ്ച രാവിലെ മാത്രമാണ് അധികൃതര്‍ അറിഞ്ഞത്.