ബാംഗ്ലൂര്‍ ഡേയ്സിലെ ദിവ്യയുടെ അമ്മ ശോഭയ്ക്ക് ശേഷം സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുകയാണ് പ്രവീണയുടെ ഉഷ. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ സ്വന്തം ചുമലിലേറ്റിയ അമ്മയായെത്തുന്ന പ്രവീണ തന്മയത്വത്തോടെ തന്നെ ആ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.അച്ഛനും അമ്മയും രണ്ട് ആണ്മക്കളും അടങ്ങുന്ന ഒരു കൊച്ചുകുടുംബം. ആ കുടുംബത്തിന്റെ ഒരു കുഞ്ഞുകഥ, അതാണ് നവാഗതനായ സനൂപ് തൈക്കൂടം ഒരുക്കിയ സുമേഷ് & രമേഷ്. ബ്രഹ്മാണ്ഢചിത്രങ്ങള് അരങ്ങ് വാഴുന്നതിനിടെയാണ് വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ എത്തിയ ഈ ചിത്രം ഏറെ ചിരിപ്പിച്ച് ആരാധകരെ തിയറ്ററില്‍ നിന്ന് തിരികെ അയക്കുന്നത്.
എറണാകുളത്തിനടുത്തുള്ള ഒരു ഉള്‍നാടന്‍ ഗ്രാമം. അവിടെ ഒരു പണിക്കുപോകാത്ത “ഗൃഹനാഥന്” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇന്ദുകലാധരന്‍ (സലിംകുമാര്‍). ഭര്‍ത്താവിനേയും രണ്ട് ആണ്മക്കളേയും പണിയെടുത്ത് പോറ്റുന്ന ഉഷ (പ്രവീണ). ടിവിയുടെ റിമോട്ടിനും, പൊരിച്ച മീനിന് പോലും പരസ്പരം വീട്ടില്‍ കിടന്ന് തല്ലുകൂടുന്ന സഹോദരങ്ങള്‍ സുമേഷ് ഇന്ദുകലാധരനും (ശ്രീനാഥ് ഭാസി) രമേഷ് ഇന്ദുകലാധരനും (ബാലുവര്‍ഗീസ്). ഈ സാധാരണകുടുംബത്തിന്റെ സാമ്പത്തിക പരാധീനതകളും പ്രാരാബ്ദങ്ങളും വീട്ടമ്മയുടെ ചുമലിലാണ്. കാരണം സ്ഥിരമായി ഈ വീട്ടിൽ നിന്ന് ജോലിക്ക് പോകുന്നത് അവർ മാത്രമാണ്. ഇതിനിടെ സുമേഷിന്റേയും രമേഷിന്റേയും ജീവിതത്തിലെ പ്രണയ നഷ്ടങ്ങളും അപ്രതീക്ഷിത പ്രണയ സാഫല്യങ്ങളുമാണ് ചിത്രം പറയുന്നത്. വമ്പന്‍ താരനിരയൊന്നുമില്ലെങ്കിലും ഈ വീടിനോട് ചേര്‍ന്നുള്ള എല്ലാവരും തന്നെ നമ്മുടെ അയൽക്കാരാണെന്ന് തോന്നുന്ന തരത്തിലാണ് കഥ പറഞ്ഞിരിക്കുന്നത്. സുമേഷും രമേഷഷും തന്നെയാണ് ചിത്രത്തെ ലൈവാക്കി നില്‍ത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ ആദ്യനിമിഷങ്ങളില്‍ ഇവരെ കാഴ്ച്ചക്കാരാക്കി നിർത്തി സലിംകുമാറിന്റെ ഇന്ദുകലാധരന്‍ അഴിഞ്ഞാടുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് സലിംകുമാര്‍ ഒരുമുഴുനീള ചിത്രത്തില്‍ ആരാധകരെ ഇത്രയേറെ ചിരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും പതിവുപോലെ തങ്ങളുടെ വേഷം ഭംഗിയാക്കിയിട്ടുണ്ട്. ഇരുവര്‍ക്കുമിടയിലെ കെമിസ്ട്രി ചിത്രത്തെ ആസ്വാദ്യകരമാക്കുന്നുണ്ട്.