കൊല്ലം : 1989 ൽ നാട് വിട്ടുപോയ ആളെ തമിഴ്നാട്ടിൽ നിന്നും പോലീസ് സംഘം കണ്ടെത്തി. കൊല്ലം ഈസ്റ്റ് വില്ലേജിൽ ആശ്രാമം പട്ടരഴികത്ത് ഗൗരിനിവാസിൽ ഗോപിനാഥൻ മകൻ രാജീവിനെയാണ് (57) കണ്ടെത്തിയത്. അമ്മയോടും സഹോദരിയോടും പിണങ്ങി നാട് വിട്ടതാണെന്ന് ഇയാൾ പോലീസ് സംഘത്തോട് അറിയിച്ചു. നാട് വിട്ടതിന് ശേഷം തമിഴ്നാട്ടിലെ ചെന്നൈയിൽ എത്തപ്പെട്ട ഇയാൾ അവിടെ ജോലി നോക്കി ജീവിച്ച് വരുകയായിരുന്നു. തുടർന്ന് തമിഴ്നാട് വിലാസത്തിൽ സംഘടിപ്പിച്ച പാസാപ്പോർട്ട് ഉപയോഗിച്ച് ഇയാൾ കുറച്ച് കാലം സൗദി അറേബ്യയിൽ ജോലി നോക്കി. തിരികെ ചെന്നൈയിൽ എത്തിയ ഇയാൾ 2006 ൽ വിവാഹം കഴിച്ച് കുടുംബമായി കഴിഞ്ഞ് വരികയായിരുന്നു. ഇപ്പോൾ ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിൽ സേഫ്റ്റി ഓഫീസറായി ജോലി നോക്കുകയാണ്. ഇയാളെ കാണാനില്ലായെന്ന് സഹോദരി പ്രീതാകുമാരി നൽകിയ പരാതിയിലാണ് പോലീസ് സംഘം ഇയാളെ കണ്ടെത്തുകയായിരുന്നു. പോലീസ് തന്നെ കാണാതായതിന് കേസ് രജിസ്റ്റർ ചെയ്ത വിവരം ഇയാൾക്ക് അറിയാമായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ രജീഷ്, സി.പി.ഓ ഷെർലി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കണ്ടെത്തി കോടതി മുന്നിൽ എത്തിച്ചത്.