തൃശൂര്‍: അന്തിക്കാട് പെരിങ്ങോട്ടുകരയില്‍ ഭര്‍തൃവീട്ടില്‍ യുവതി മരിച്ചത് ശ്വാസം മുട്ടിയെന്ന് കണ്ടെത്തി. വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണിത്. മുല്ലശേരി സ്വദേശി സുബ്രഹ്മണ്യന്റേയും ശ്രീദേവിയുടേയും ഏകമകളായിരുന്നു ശ്രുതി. ഇതോടെ മരണം കൊലപാതകമാണെന്നും വിശദാന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.ശ്രുതി മരിച്ചത് ശ്വാസം മുട്ടിയാണെന്നും കഴുത്തിലുണ്ടായ ക്ഷതം മരണകാരണമായെന്നും മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവി ഡോ. സിറിയക് ജോബിന്റെ നേതൃത്വത്തിലുള്ള അഞ്ച് ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി. കുളിമുറിയില്‍ കുഴഞ്ഞുവീണാണ് ശ്രുതി (23) മരിച്ചതെന്നായിരുന്നു ഭർത്താവ് അരുണിന്റേയുംകുടുംബത്തിന്റേയും മൊഴി. മരണകാരണം ശ്വാസം മുട്ടിയാണെന്ന കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നത്.
സ്ത്രീധനത്തിന്റെ പേരില്‍ ശ്രുതിയെ അരുണ്‍ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അമ്മ ശ്രീദേവി പറഞ്ഞു.ശ്രുതിയുടേത് കൊലപാതകമാണെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ രംഗത്തെത്തിയത്. 2020 ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭര്‍തൃവീട്ടില്‍ ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരിങ്ങോട്ടുകര കരുവേലി സുകുമാരന്റെ മകന് അരുണുമായി വിവാഹം കഴിഞ്ഞ് 14-ാം ദിവസമായിരുന്നു ശ്രുതിയുടെ മരണം. തുടക്കം മുതല്‍ അന്വേഷണം അട്ടിമറിക്കുന്ന നിലപാടാണ് അന്തിക്കാട് പോലീസ് സ്വീകരിച്ചതെന്ന് ശ്രുതിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. മരണത്തില്‍ ദുരൂഹത ആരോപിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നുവെങ്കിലും പോലീസ് അവഗണിച്ചുവെന്നാണ് ആക്ഷേപം. മരണകാരണം പുറത്തുവന്നതോടെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് കുടുംബം.