കരുനാഗപ്പള്ളി ഡിപ്പോയിലെ പഴയ കെഎസ്ആർടിസി ബസ് ഇനിമുതൽ മിൽമ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടയാണ്. ജില്ലയിൽ ആദ്യ മിൽമാ ഫുഡ് ട്രക്ക് വ്യാഴാഴ്ച തുറക്കും. മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ കെഎസ്ആർടിസിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഫുഡ് ട്രക്ക് സജ്ജീകരിച്ചിരിക്കുന്നത്. ബസിലെ സീറ്റുകളെല്ലാം മാറ്റി പകരം ചായയും ലഘുഭക്ഷണങ്ങളും കഴിക്കാനുള്ള സൗകര്യത്തിനായി മേശകളും ഇരിപ്പിടങ്ങളും സജ്ജമാക്കി. ഒരുഭാഗം പൂർണമായും നീക്കി ഗ്ലാസുകൾ സ്ഥാപിച്ചു. പെയിന്റ് ചെയ്ത് നിറവും മാറ്റി. മിൽമയുടെ ചിഹ്നങ്ങളും വിവിധ ഉൽപ്പന്നങ്ങളുടെ പേരുമെല്ലാം ബസിന്റെ വശങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ ഇത്തരത്തിൽ ഉപയോഗശൂന്യമായ ബസുകൾ വിവിധ ആവശ്യങ്ങൾക്കായി നൽകുന്നുണ്ട്. മത്സ്യഫെഡ്, മിൽമ, കുടുംബശ്രീ, കെടിഡിസി തുടങ്ങിയുടെ സ്ഥാപനങ്ങളാണ് പലയിടത്തും തുടങ്ങുന്നത്. കണ്ടംചെയ്ത ബസുകൾ ആക്രിവിലയ്ക്ക് വിൽക്കുന്നതിനേക്കാൾ ലാഭമാണ് പുതിയ പരീക്ഷണമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ. അതിനാൽ കൂടുതൽ ഡിപ്പോകളിൽ ഇത്തരത്തിൽ കടകളും മറ്റും തുടങ്ങാനാണ് കോർപറേഷന്റെ തീരുമാനം. വ്യാഴാഴ്ച വൈകിട്ട് നാലിന് കെഎസ്ആർടിസി ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ ചിഞ്ചുറാണി ഫുഡ് ട്രക്ക് ഉദ്ഘാടനംചെയ്യും. സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനാകും. മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ആദ്യവിൽപ്പന നിർവഹിക്കും.