തിരുവനന്തപുരം: ഒന്നാം ക്ലാസ് മുതൽ എല്ലാ ക്ലാസുകളിലും പൊതുപരീക്ഷകൾ നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്ത സാമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മോഡൽ പരീക്ഷ അടക്കമുള്ള എല്ലാ പരീക്ഷകളും നടത്തും. ഇതിനു മുൻപുള്ള എല്ലാ പരീക്ഷകളും വിദ്യാഭ്യാസ വകുപ്പ് കുറ്റമറ്റരീതിയിൽ നടത്തിക്കഴിഞ്ഞു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ പരീക്ഷകൾ നടത്തും. അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒന്നുമുതൽ 9 വരെ ക്ലാസുകൾ വൈകുന്നേരം വരെ പ്രവർത്തിക്കുന്നതിൽ യാതൊരു തടസ്സവും ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി. ഫെബ്രുവരി 14മുതൽ ഒന്നാം ക്ലാസ് മുതലുള്ള സ്കൂൾ പഠനം പുന:രാരംഭിക്കുന്ന സാഹചര്യത്തിൽ പ്രത്യേക മാർഗരേഖ തയ്യാറാക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ക്ലാസുകൾ നടക്കും. പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ സജ്ജരാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ അക്കാദമിക് രംഗത്ത് മാറ്റങ്ങൾ വരും. കളിസ്ഥലങ്ങൾ മുതൽ ലൈബ്രറി സൗകര്യങ്ങൾ ഒരുക്കും. ദേശീയ അടിസ്ഥാനത്തിൽ നടക്കുന്ന മൽസര പ്രവേശന പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് വിജയം നേടാൻ കഴിയും വിധം അവരെ യോഗ്യരാക്കുകയാണ് ലക്ഷ്യം. ഉച്ചഭക്ഷണത്തിൽ മാറ്റം ഉണ്ടാകില്ല.