Home Latest NewsStory 2021 മാര്‍ച്ച് 25വയലാര്‍ രാമവര്‍മ്മയുടെ ജന്‍മവാര്‍ഷികദിനം

2021 മാര്‍ച്ച് 25വയലാര്‍ രാമവര്‍മ്മയുടെ ജന്‍മവാര്‍ഷികദിനം

by Green Media Vision

( ഓർമ്മകൾ )

കാല്‍പ്പനികത പൂത്തുലഞ്ഞ സംഗീതസാന്ദ്ര കവിതകള്‍ നല്‍കിയ കവിയാണ് വയലാര്‍ രാമവര്‍മ. സാമൂഹികമൂല്യങ്ങള്‍ക്കൊപ്പം സൗന്ദര്യാത്മക തലങ്ങളും ഉയര്‍ത്തിയ കവിതകള്‍ മരണമില്ലാതെ നില്‍ക്കുന്നു. 1928 മാര്‍ച്ച്  25 ന് രാമവര്‍മ ജനിച്ചു. ആദ്യ കവിത ‘സ്വരാട്ട് ‘ എന്ന വാരികയില്‍. ചക്രവാളം, അരുണോദയം തുടങ്ങിയ മാസികകളിലും എഴുതി. ചെറുകഥകളും നാടകങ്ങളും രചിച്ചു. 1951 ല്‍ ‘ജനാധിപത്യം’ വാരിക ആരംഭിച്ചു. അന്വേഷണം വാരികയുടെ പത്രാധിപരായി അല്‍പ്പം പ്രവര്‍ത്തിക്കുകയും ചെയ്തു. 1948ആഗസ്തിലാണ് ആദ്യ കവിതാസമാഹാരമായ ‘പാദമുദ്രകള്‍’ പ്രസിദ്ധീകരിക്കുന്നത്. 1975 ലെ ‘വൃക്ഷ’മാണ് അവസാന കവിത. മൂന്നു ദശാബ്ദം മലയാള കാവ്യരംഗത്ത് പ്രവര്‍ത്തിച്ച വയലാര്‍ 1975 ഒക്ടോബര്‍ 27 ന് അന്തരിച്ചു.
കോവിലകങ്ങളില്‍ നിലനിന്ന ഗുരുകുല വിദ്യാഭ്യാസരീതിയില്‍ സംസ്‌കൃതവിദ്യാഭ്യാസവും ചേര്‍ത്തല ഇംഗ്‌ളീഷ് സ്‌കൂളിലെ ഒമ്പതാംതരംവരെയുള്ള പഠനവുമാണ് ഔപചാരിക വിദ്യാഭ്യാസം. *1946* ല്‍ പുന്നപ്രവയലാര്‍ സമരം നടക്കുമ്പോള്‍ പതിനെട്ടു വയസ്സായിരുന്നു. പാരമ്പര്യമായി കിട്ടിയ സഞ്ചിത സംസ്‌കാരത്തിന്റെ കേവല സൗന്ദര്യബോധത്തോടൊപ്പം സമരംചെയ്യുന്ന മനുഷ്യന്റെ ലക്ഷ്യബോധവും നാടിന്റെ പോര്‍വീര്യവും വയലാറിനെ സാമൂഹികബോധമുള്ള കവിയാക്കി. അധ്വാനിക്കുന്നവന്റെ വിയര്‍പ്പില്‍നിന്ന് ജീവിതമൂല്യങ്ങള്‍ കഴുകിയെടുത്തു ശുദ്ധീകരിച്ച കവിതകള്‍.
‘കൊന്തയും പൂണൂലും’ എന്ന സമാഹാരം വിപ്ലവകവിയായി വയലാറിനെ മാറ്റി. ഗാന്ധിഭക്തിയുടെ ‘പാദമുദ്ര’കളില്‍നിന്ന് വിപ്ലവാവേശത്തിന്റെ കനല്‍ക്കാടുകള്‍ ചികഞ്ഞ് സാമൂഹികനീതിക്കായി ആ തൂലിക ചലിക്കാന്‍തുടങ്ങിയത് ഇരുപത്തിരണ്ടു വയസ്സില്‍.
ചങ്ങമ്പുഴയുടെ കളരിയില്‍ ചുവടുറപ്പിച്ച വയലാര്‍ കവിതകള്‍ സാമാന്യമായി വാചാലമായവയാണ്. *1950* നും *1961* നും ഇടയില്‍ നാടിന്റെ നാദം, എനിക്കു മരണമില്ല, മുളങ്കാട്, ഒരു ജൂഡാസ് ജനിക്കുന്നു, എന്റെ മാറ്റൊലിക്കവിതകള്‍, സര്‍ഗസംഗീതം എന്നീ സമാഹാരങ്ങള്‍ക്കൊപ്പം ‘ആയിഷ’ ചെറുകഥാസമാഹാരവും പുരുഷാന്തരങ്ങളിലൂടെ യാത്രാവിവരണവും രചിച്ചു. മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭേദചിന്തകള്‍ക്കപ്പുറമുള്ള മനുഷ്യന്‍ എന്ന പദത്തിന്റെ അര്‍ഥതലങ്ങളിലേക്ക് സംവേദനം നടക്കുന്നവയാണ്  വയലാറിന്‍റെ ഒട്ടുമിക്ക കവിതകളും.
ഗ്രീൻ മീഡിയ വിഷൻ  വാർത്ത 

You may also like

Leave a Comment