കുളത്തൂപ്പുഴ: ഓണക്കാലമെത്തിയതോടെ ഗ്രാമപ്രദേശങ്ങളിലടക്കം വ്യാജമദ്യ വില്പന വ്യാപകമാകുന്നതായി നാട്ടുകാര്‍. കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും അനധികൃത വിദേശമദ്യ വില്പന കൂടാതെ ഗ്രാമങ്ങളില്‍ വാറ്റു ചാരായവും സുലഭമായി ലഭിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കോവിഡ് കാല പ്രതിസന്ധി തുടരുന്നതിനിടെയാണ് ഗ്രാമങ്ങളില്‍ വ്യാജവാറ്റ് സജീവമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പൊലീസും എക്സൈസ് വകുപ്പ് അധികൃതരും പ്രദേശത്ത് നിരന്തരം തെരച്ചിലുകള്‍ നടത്തുകയും പലരെയും പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ പേരിനു പോലുമില്ലാതായതോടെയാണ് യുവാക്കളടക്കം വിദേശ മദ്യ വില്പനയിലേക്ക് കേന്ദ്രീകരിച്ചത്. ഓണക്കാലമെത്തിയതോടെ ഗ്രാമപാതയോരത്തും ആളൊഴിഞ്ഞ വനത്തിറമ്പുകളിലും ഒഴിഞ്ഞ പറമ്പുകളിലും അനധികൃത മദ്യവില്പന തകൃതിയാണെന്ന് നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ ജോലിക്ക് പോകുന്ന തൊഴിലാളികളും മറ്റുമാണ് ഉപഭോക്താക്കളിലധികവും. കൂടാതെ യാതൊരു തൊഴിലിനും പോകാതെ കൂട്ടംകൂടി മദ്യപിച്ച് കാത്തിരിപ്പ് കേന്ദ്രങ്ങളിലും സമീപത്തും മറ്റുമായി നാട്ടുകാര്‍ക്ക് അലോസരമുണ്ടാക്കുന്ന സംഘങ്ങളും പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ഇപ്പോള്‍ നിത്യകാഴ്ചയാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. വകുപ്പുകള്‍ നിസംഗത വെടിയണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.