കോട്ടയം: പിസി ജോര്‍ജിനെതിരായ നടപടിയില്‍ പ്രതികരണവുമായി മകന് ഷോണ്‍ ജോര്‍ജ്. പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ഹാജരാകുന്ന ആളാണ് പിസി ജോര്‍ജ്. കസ്റ്റഡിയിലെടുത്ത നടപടിക്ക് പിന്നില്‍ സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധി മാത്രമാണുള്ളത്. പിസി ജോര്‍ജ് പറഞ്ഞ വിഷയം തെറ്റാണോയെന്ന് അദ്ദേഹവും തെളിവുകളും കാലവുമാണ് വിലയിരുത്തേണ്ടത്. നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്തയാളാണ് പിസി ജോര്‍ജെന്നും മകന് ഷോൺ ജോർജ് പ്രതികരിച്ചു. പ്രസ്താവനകള്‍ ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കണമെന്നാണ് തന്റെ നിലപാടെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
ഹിന്ദു മഹാസമ്മേളനത്തിനിടയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് പിസി ജോര്‍ജിനെതിരായ നടപടി. ഫോര്‍ട്ട് പോലീസ് സ്റ്റേഷന് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി പിസി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തത്. പോലീസ് വാഹനത്തില്‍ കയറാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് സ്വന്തം വാഹനത്തിലാണ് പിസി ജോര്‍ജ് തിരുവനന്തപുരത്തേയ്ക്ക് എത്തുന്നത്. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തു. ഇന്നലെയാണ് വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തത്
പിസി ജോര്‍ജിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗടക്കം ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഹിന്ദു മഹാപരിഷത്ത് നടത്തിയ അനന്തപുരി ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പ്രസംഗം. മുസ്ലിം കച്ചവടക്കാര്‍ വന്ധ്യത വരുത്താന്‍ സാധ്യതയുള്ള മരുന്നുകള്‍ പാനിയങ്ങളില്‍ കലര്‍ത്തുന്നു, ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇന്ത്യയെ മുസ്സിം രാജ്യമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നു തുടങ്ങിയ പരാമര്‍ശങ്ങളാണ് പിസി ജോര്‍ജ് നടത്തിയത്. അതേ സമയം പിസി ജോര്ജിനെതിരെയായ നടപടിയെ അപലപിച്ച് ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്,സുരേന്ദ്രൻ,ബി ജെ പി കേന്ദ്ര സഹമന്ത്രി മുരളീധരൻ എന്നിവർ രംഗത്തെത്തിയിട്ടുണ്ട്.