അവിവാഹിതയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു യുവതി ഓരോ വിവാഹവും നടന്നതെന്ന് കോടതി കണ്ടെത്തി.മഹ്റ് സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം
മനാമ: ഒരേ സമയം മൂന്നു പേരെ വിവാഹം ചെയ്ത യുവതിക്ക് ജയില്‍ ശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി. ഭര്ത്താക്കന്മാര് പരസ്പരം അറിയാതെയായിരുന്നു യുവതി മൂന്നു പേരുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടത്. ഭര്‍ത്താവ് ഭാര്യയ്ക്ക് നല്കുന്ന മഹ്റ് സ്വന്തമാക്കുകയായിരുന്നു 30കാരിയായ യുവതിയുടെ ലക്ഷ്യം.
ഭര്ത്താക്കന്മാരെല്ലാം അടുത്ത സുഹൃത്തുക്കളായിരുന്നു എന്നതാണ് വിരോധാഭാസം. എന്നാല്‍ തങ്ങള്‍ വിവാഹം ചെയ്തത് ഒരേ സ്ത്രീയെയാണെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല. വ്യത്യസ്ത പേരിലും വിലാസത്തിലുമായിരുന്നു വിവാഹങ്ങള്‍. അവിവാഹിതയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു ഓരോ വിവാഹവും നടന്നതെന്ന് കോടതി കണ്ടെത്തി. വിവാഹ ധനമായി മൂന്നു പേരും കൂടി 4500 ബഹ്റൈന്‍ ദിനാറാണ് (ഒന്‍പത് ലക്ഷത്തോളം രൂപ) യുവതിക്ക് നല്‍കിയത്. ഇത് തട്ടിയെടുക്കുകയായിരുന്നു വിവാഹങ്ങളിലൂടെ യുവതി ലക്ഷ്യമിട്ടത്.
തട്ടിപ്പ് മനസ്സിലാക്കിയത് മൂന്നാമത്തെ ഭര്‍ത്താവ് ആദ്യ ഭര്‍ത്താവിനൊപ്പം നാലു മാസമാണ് യുവതി കഴിഞ്ഞത്. അതേസമയത്ത് തന്നെ മറ്റൊരാളെ യുവതി വിവാഹം കഴിക്കുകയായിരുന്നുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കി. ഒരു മാസം കഴിഞ്ഞ് മൂന്നാമത്തെ ആളുമായും വിവാഹ ബന്ധത്തിലേര്‍പ്പെട്ടു. മറ്റു ഭര്ത്താക്കന്മാരില് നിന്ന് വിവാഹ മോചനം നേടാതെയായിരുന്നു യുവതിയുടെ വിവാഹങ്ങള്‍. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം മൂന്നാമത്തെ ഭര്‍ത്താവ് യുവതിയുടെ തട്ടിപ്പ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തന്റെ ഭാര്യ മറ്റ് രണ്ട് സുഹൃത്തുക്കളുടെയും കൂടി ഭാര്യയാണെന്ന് ഇയാള്‍ തിരിച്ചറിഞ്ഞത്. ഇതോടെ മൂന്നു പേരും പോലിസില്‍ പരാതിയുമായി എത്തുകയായിരുന്നു.
യുവതിയുടെ നമ്പര്‍ നല്‍കിയത് ഒരേ സ്ത്രീ പോലിസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ തട്ടിപ്പ് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തങ്ങള്‍ക്ക് യോജിച്ച വധുവിനെ കണ്ടെത്തി നല്‍കണമെന്ന ആവശ്യവുമായി മൂന്നു യുവാക്കളും വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി ഒരു സ്ത്രീയെ ബന്ധപ്പെട്ടിരുന്നു. ഈ സ്ത്രീയാണ് യുവതിയുടെ നമ്പര്‍ മൂന്നു പേര്‍ക്കും നല്‍കിയത്. യുവതി അവിവാഹിതയാണെന്ന വിശ്വാസത്തിലായിരുന്നു സ്ത്രീ ഇത് ചെയ്തത്. തങ്ങള്‍ ഫോണ്‍ നമ്പറില്‍ യുവതിയുമായി ബന്ധപ്പെട്ടപ്പോള്‍ വിവാഹത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ കോടതിയെ അറിയിച്ചു.
രണ്ടാമത്തെയും മൂന്നാമത്തെയും വിവാഹം കഴിക്കുന്ന സമയത്ത് മുന്‍ ഭര്ത്താക്കന്മാരില് നിന്ന് വിവാഹ മോചനം നേടിയിരുന്നുവെന്ന് യുവതി പബ്ലിക് പ്രൊസിക്യൂഷനെ അറിയിച്ചെങ്കിലും അത് വാസ്തവ വിരുദ്ധമാണെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം തുടരുന്നതിനിടയിലാണ് യുവതി രണ്ടാമതും മൂന്നാമതും വിവാഹിതയായതെന്ന് അന്വേഷണത്തില്‍ കോടതി കണ്ടെത്തി. 11 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് യുവതിക്ക് കോടതി വിധിച്ചത്. ആള്‍മാറാട്ടം, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ശിക്ഷ.