തിരുവനന്തപുരം : കൊവിഡും ഒമിക്രോണും വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കഴിഞ്ഞത്തവണത്തെ പോലെ ഇത്തവണയും ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ തന്നെ നടക്കുമെന്നാണ് ഏറ്റവും പുതിയ സൂചന. രാജ്യമൊട്ടാകെ ഒമിക്രോണ്‍ കൂടുതല്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൊങ്കാല ഇത്തവണയും വീടുകളില്‍ മാത്രമായി ചുരുക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് വലിയ ആള്‍ക്കൂട്ടമുണ്ടായാല്‍ ഉണ്ടാകുന്ന സാഹചര്യം ട്രസ്റ്റിനെ ബോധ്യപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു. ആറ്റുകാൽ പൊങ്കാലയുടെ ആചാരങ്ങള്‍ക്ക് തടസമുണ്ടാകാത്ത രീതിയില്‍ വീടുകളില്‍ തന്നെ പൊങ്കാല ഇടുന്നതിനുള്ള രീതിയ്ക്കാണ് മുൻഗണന നല്‍കുകയെന്നും മന്ത്രി പറഞ്ഞു. ട്രസ്റ്റിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാടാണ് ഇക്കാര്യത്തില്‍ ഇതുവരെ ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 17 നാണ് ആറ്റുകാല്‍ പൊങ്കാല നടക്കുന്നത്