ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. ഇവരിൽ അഞ്ചുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികൾ ആലപ്പുഴ, മണ്ണഞ്ചേരി സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെക്കുറിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ചു വരുന്നു. ഷാന്‍ ബൈക്കില്‍ പോകുമ്പോഴായിരുന്നു കാറിലെത്തിയ സംഘം ആക്രമണം നടത്തിയത്. നിരവധി വെട്ടുകളേറ്റ ഷാനെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് 11 പേര് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികൾ എത്തിയത് ആംബുലന്‍സിലാണെന്ന നിഗമനത്തിലാണ് പോലീസ്. എസ്ഡിപിഐയുടെ നിയന്ത്രണത്തിലുള്ള ആംബുലന്‍സ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തിൽനിന്നും മാരക ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ആലപ്പുഴയിൽ ഇന്നും നാളെയും നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലൂടെയും പ്രാന്തപ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന എല്ലാ വാഹനങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.