കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് എം.വി. ജയരാജന് ജില്ലാ സെക്രട്ടറിയായത്. 61 കാരനായ ജയരാജന് നിയമ ബിരുദധാരിയാണ്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായി. എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്മാന്, കെഎസ്ഇബി അംഗം, ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി, കോണ്‍ഫെഡറേഷന്‍ ഓഫ് നീതി മെഡിക്കല്‍ എംപ്ലോയീസ് സംസ്ഥാന പ്രസിഡന്റ്, കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ്, എല്‍ബിഎസ് എംപ്ലോയീസ് യൂണിയന് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
നിലവില്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും കേന്ദ്ര പ്രവര്‍ത്തകസമിതി അംഗവുമാണ്.എടക്കാട് മണ്ഡലത്തില്‍നിന്ന് രണ്ടു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി. ജനകീയ പോരാട്ടങ്ങള്‍ നയിച്ച ജയരാജന് പൊലീസ്മര്‍ദനങ്ങളും ജയില്‍വാസവും അനുഭവിക്കേണ്ടിവന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ നടന്ന കൂത്തുപറമ്പ് വെടിവയ്പ് സംഭവത്തില്‍ ജയരാജന് ക്രൂര മര്‍ദനത്തിന് ഇരയായി. കോടതിയലക്ഷ്യക്കേസിന്റെ പേരിലും വേട്ടയാടി. പെരളശേരിയിലെ മാരിയമ്മാര്‍വീട്ടില്‍ പരേതരായ വി.കെ. കുമാരന്റെയും എം.വി. ദേവകിയുടെയും മൂത്ത മകനാണ്. കേരള ബാങ്ക് കണ്ണൂര്‍ റീജ്യണല്‍ ഓഫീസ് സീനിയര്‍ മാനേജര്‍ ലീനയാണ് ഭാര്യ. സഞ്ജയ്, അജയ് എന്നിവര്‍ മക്കള്‍.
