29.9 C
Kollam
Sunday, January 23, 2022
spot_img

ഉത്രവധക്കേസിൽ പ്രതി സൂരജിന് 17 വർഷം തടവ് ശിക്ഷ; ഇരട്ട ജീവപര്യന്തവും 5 ലക്ഷംരൂപ പിഴയും ശിക്ഷ

ഇൻസൈറ്റിൽ സൂരജ്, ഉത്ര

വീഡിയോ ലിങ്ക്………………….https://fb.watch/8CxOxjyqps/

അഞ്ചല്‍: ഏറത്ത് ഉത്ര എന്ന യുവതിയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ പ്രതിയും ഉത്രയുടെ ഭർത്താവുമായ സൂരജിന് 17 വർഷം തടവും, ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും ശിക്ഷ. 10 വർഷം വിഷവസ്തു ഉപയോഗിച്ചുള്ള കൊലയ്ക്കും, 7 വർഷം തെളിവ് നശിപ്പിച്ചതിനുമാണ് ശിക്ഷ. കൊലപാതകത്തിനും, കൊലപാതക ശ്രമത്തിനുമാണ് ഇരട്ട ജീവപര്യന്തം. 17 വർഷത്തെ തടവിന് ശേഷമാവും ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടി വരിക. കൊല്ലം ജില്ല അഡീഷണല്‍ സെഷന്‍സ് ആറാം കോടതി ജഡ്ജ് എം.മനോജാണ് വിധി പ്രസ്താവിച്ചത്.

പാമ്പിനെ ഉപയോഗിച്ചുളള അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ കൊലപാതകത്തില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജ് മാത്രമാണ് പ്രതി സ്ഥാനത്ത് ഉണ്ടായിരുന്നത്. സൂരജ് കുറ്റക്കാരനാണന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഇന്ന് ഉച്ചക്ക് 12 മണിക്ക് ആണ് ജഡ്ജി ഈ കേസിൽ വിധി പ്രസ്താവിച്ചത്. വിധി പ്രസ്താവിക്കുമ്പോൾ കോടതി മുറിയിൽ നിർവികാരനായിട്ടാണ് സൂരജിനെ കാണപ്പെട്ടത്. ഉത്രയുടെ പിതാവും, സഹോദരനും കോടതിയിൽ എത്തിയിരുന്നു. വിധി പറയുന്നത് കേൾക്കാൻ നൂറു കണക്കിന് ആളുകളും കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് സൂരജിനെ ജീപ്പിൽ നിന്നും കോടതി മുറിയിൽ എത്തിച്ചത്.

വെള്ളിശ്ശേരില്‍ വിജയസേനന്‍-മണിമേഖല ദമ്പതികളുടെ മകളായ ഉത്രയെ 2020 മെയ് ഏഴിനാണ് കുടുംബ വീട്ടിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാമ്പ് കടിയേറ്റതായിരുന്നു മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു.

2020 മാര്‍ച്ച് രണ്ടിനാണ് അണലിയെ ഉപയോഗിച്ചുള്ള ആദ്യ കടിയേറ്റത്. പാമ്പ് കടിയേറ്റ് ചികിത്സ കഴിഞ്ഞ് വിശ്രമത്തിലിരിക്കെ വീണ്ടും പാമ്പുകടിയേറ്റത് അസ്വാഭാവികമാണെന്ന വീട്ടുകാരുടെ സംശയമാണ് കേസിലെ വഴിത്തിരിവായത്. സംഭവം നടന്ന് ഏഴ് മാസങ്ങള്‍ക്ക് ശേഷമായിരുന്നു വിചാരണ നടന്നത്. വീട്ടുകാരുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് തുടര്‍ അന്വേഷണത്തില്‍ സൂരജ് കൊലയാളി എന്ന് കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ സ്വത്ത് ലക്ഷ്യം വച്ചായിരുന്നു കൊലപാതകമെന്ന പ്രധാന വാദത്തിലൂന്നിയായിരുന്നു പ്രോസിക്യൂഷന്‍ നടപടികള്‍. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ രണ്ടാം പ്രതിയായ സുരേഷിനെ മാപ്പ് സാക്ഷിയാക്കിയതും നിര്‍ണായക നീക്കമായി.

യൂട്യൂബ് ദ്യശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് കൊല നടത്തിയതെന്നും കണ്ടെത്തിയിരുന്നു. കേസില്‍ ആയിരം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരുന്നത്

രാജ്യത്തുതന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഉത്ര വധക്കേസില്‍ 87 സാക്ഷികള്‍ ആണ് കേസില്‍ ഉണ്ടായിരുന്നത്. ഐപിസി 302 പ്രകാരം കൊലപാതക കുറ്റത്തിനും (വധശിക്ഷയോ ജീവപര്യന്തം തടവോ പിഴയോ ലഭിക്കാവുന്ന വകുപ്പ്), ഐപിസി 326 പ്രകാരം അപകടകരമായ വസ്തുക്കള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍,വധശ്രമം, തെളിവ് നശിപ്പിക്കല്‍ എന്നിവായാണ് സൂരജിനെതിരെ ചുമത്തിയിട്ടുളള വകുപ്പുകള്‍. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ഏറ്റവുമൊടുവിലും കോടതിയില്‍ വാദിച്ചത്.

അടൂരിലെ സൂരജിൻ്റെ വീട്ടില്‍ വച്ച്‌ ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്ബോള്‍ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് കോടതിയില്‍ പറഞ്ഞു. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നല്‍കാവുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles