കർണ്ണാടകയിലെ ഉഡുപ്പിയിലുള്ള ഒരു ഹൈന്ദവ ആരാധനാകേന്ദ്രമാണ് ഉഡുപ്പി ശ്രീകൃഷ്ണ മഠം (ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം). ഒരു ആശ്രമാന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന ക്ഷേത്രത്തിന് സമീപത്തായി ഏകദേശം ആയിരത്തിലേറെ വർഷം പഴക്കമുള്ള ഉഡുപ്പി അനന്തേശ്വര ക്ഷേത്രം ഉൾപ്പെടെ നിരവധി ആരാധനാകേന്ദ്രങ്ങളുണ്ട്. ക്ഷേത്രത്തിന്റെ പ്രധാന നിർമ്മിതികളെല്ലാം കരിങ്കല്ലിലാണ്. എങ്കിലും, ഇപ്പോഴത്തെ നവീകരണപ്രവർത്തനങ്ങളിൽ കോൺക്രീറ്റ് നിർമ്മിതികളുമുണ്ട്. ക്ഷേത്രത്തിനു കിഴക്കുഭാഗത്തുള്ള വിശാലമായ കുളവും അതിലെ ശിൽപ്പങ്ങളും ശ്രദ്ധേയമാണ്.
പതിമൂന്നാം നൂറ്റാണ്ടിൽ, വൈഷ്ണവ സന്യാസിയായിരുന്ന ജഗദ്ഗുരു മധ്വാചാര്യർ ആണ് ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചത്. വൈഷ്ണവ മത സന്യാസിയായിരുന്ന ഇദ്ദേഹം ദ്വൈതവേദാന്ത ഗുരുകുല സ്ഥാപകനും കൂടിയായിരുന്നു. ഗോപീചന്ദത്തിൽ ഉടുപ്പി ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചത് മധ്വാചാര്യർ ആണെന്ന് വിശ്വസിക്കുന്നു. അദ്ദേഹം രചിച്ച തന്ത്രസാര സംഗ്രഹത്തിൽ, വിഗ്രഹം പശ്ചിമാഭിമുഖമായി (തെക്കോട്ട് അഭിമുഖമായി) പ്രതിഷ്ഠിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് അഷ്ടമoങ്ങളിലേയും പ്രതിഷ്ഠ തെക്കോട്ട് തന്നെയാണ്. കിഴക്ക് ഭാഗത്തേക്കാണ് ക്ഷേത്രദർശനമെങ്കിലും കൃഷ്ണദർശനത്തിന് തെക്ക് ഭാഗത്തുള്ള “നവഗ്രഹ ദ്വാരവും” കനകന ദ്വാരവും ഉണ്ട്
ഇപ്പോൾ അഷ്ടമഠങ്ങളുടെ നിയന്ത്രണത്തിലാണ് ക്ഷേത്രസമുച്ചയം പേജാവർ മഠം, പുത്തിഗെ മഠം, പലിമരു മഠം, അഡമരു മഠം, സോധെ മഠം, കണിയൂർ മഠം, ഷിരൂർ മഠം കൃഷ്ണപുര മഠം എന്നിവയാണ് ഈ എട്ട് മഠങ്ങൾ. വിശ്വാസികളിൽ നിന്ന് ലഭിക്കുന്ന ഭണ്ഡാര വരുമാനവും അഷ്ടമഠങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായവുമാണ് ക്ഷേത്ര ചെലവുകൾ നികത്തുന്നത്. ക്ഷേത്രത്തിന് വമ്പിച്ച ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നുവെങ്കിലും 1975 ലെ ഭൂപരിഷ്കരണ നടപടികളിൽ അവ ഏറിയ ഭാഗവും നഷ്ടപ്പെട്ടു ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം അന്നദാനം ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തോടനുബന്ധിച്ച് നല്ലൊരു ഗോശാല കൂടിയുണ്ട്. ക്ഷേത്രത്തിലേക്കും ഭക്ഷണശാലയിലേക്കുമുള്ള പാലുൽപന്നങ്ങൾ ഇതിൽനിന്നും ലഭിക്കുന്നു.
ഓരോ രണ്ട് വർഷം കൂടുമ്പോഴും നടക്കുന്ന പര്യായ ആഘോഷത്തിൽ ക്ഷേത്രഭരണം അടുത്ത മഠം അധികാരികൾ ഏൽക്കുന്നു. മകര സംക്രാന്തി, രഥ സപ്തമി, മാധവ നവമി, ഹനുമാൻ ജയന്തി, ശ്രീകൃഷ്ണ ജന്മാഷ്ടമി, നവരാത്രി മഹോത്സവം, ദസറ, നരകചതുർദശി, ദീപാവലി, ഗീതാജയന്തി എന്നിവ പ്രധാന ആഘോഷങ്ങളാണ് ക്ഷേത്രമുറ്റത്തെ ബ്രഹ്മരഥവും രഥോൽസവവും പ്രസിദ്ധമാണ്.
