27.9 C
Kollam
Sunday, June 26, 2022
spot_img

“ഉടൽ” രതിയും ജീവിതവും

ഫിലിം റിവ്യൂ 

നവാഗതനായ രതീഷ് രഘു നന്ദൻ രചനയും സംവിധാനവും ചെയ്ത് ഇന്ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമയാണ് ‘ഉടൽ’.ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് മനോജ് പിള്ളയാണ്. സംഗീതം നൽകിയത് വില്യം ഫ്രാൻസിസ്. ഒരു വീടിനകത്തെ ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഒരു രാത്രിയും ആ വീടുമാണ് ഉടൽ എന്ന സിനിമ.

ഇന്ദ്രൻസ് എന്ന നടന്റെ വേഷപ്പകർച്ച നമ്മളെ അത്ഭുതപ്പെടുത്തുന്ന ആദ്യത്തെ സിനിമയല്ല ഇത് . അഞ്ചാം പാതിരായിൽ സീരിയൽ കില്ലറായും മാലിക്കിൽ കുശാഗ്ര ബുദ്ധിയുള്ള പോലീസുകാരനായും പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് ഇന്ദ്രൻസ്. പണ്ട് നമ്മളെയെല്ലാം ചിരിപ്പിച്ചു മാത്രം സിനിമയിൽ അനുഗമിച്ചൊരാൾ പെട്ടെന്ന് മുഴുവനായും നെഗറ്റീവ് ഷേയ്ഡുകളിലേക്ക് വഴുതി വീഴുന്ന കാഴ്ചയാണ് ഇവിടെയും ഈ മഹാ നടൻ നമുക്ക് സമ്മാനിക്കുന്നത്. പണ്ട് നമ്മളെ ചിരിപ്പിച്ച അതേ തീവ്രതയിൽ അയാളിപ്പോൾ നമ്മളെ പേടിപ്പെടുത്തുന്നുമുണ്ട്. ഹിന്ദിയിലേയ്ക്കും മറ്റു അന്യ ഭാഷകളിലേക്കും ഉടലിനെ റീമേക് ചെയ്യാനൊരുങ്ങുമ്പോൾ കുട്ടിച്ചായനായ ഇന്ദ്രൻസിനു പകരം ആര് എന്ന ചോദ്യമാവും സംവിധായകരെ ഏറെ അലട്ടിയിട്ടുണ്ടാവുക എന്ന കാര്യത്തിൽ സംശയമില്ല.

കുട്ടിച്ചായൻ ഭാര്യയെ കൊച്ച് എന്നാണു വിളിക്കുന്നത്. മൂന്ന് നാല് വർഷങ്ങളായി കിടപ്പിലാണ് ഇവർ. ഇവരുടെ മകനായ റെജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതാകട്ടെ ജൂഡ് ആന്റണി ജോസഫ് ആണ്. റെജിയുടെ ഭാര്യ ആണ് ഷൈനി ( ദുർഗ കൃഷ്ണ ). ഇവർക്ക് ഒരു ആൺകുട്ടിയുമുണ്ട്. ഷൈനിയുടെ കാമുകനെ അവതരിപ്പിക്കുന്നത് ധ്യാൻ ആണ്. കിരൺ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ജോലിയുപേക്ഷിച്ചു മൂന്ന് നാല് വർഷങ്ങളായി ഭർത്താവിന്റെ കിടപ്പിലായ അമ്മയെ നോക്കേണ്ടി വരുന്ന ഷൈനി എന്ന കഥാപാത്രത്തിന്റെ അമർഷത്തിൽ നിന്നുമാണ് കഥ മുന്നോട്ട് പോകുന്നത്. ഒരു സ്ത്രീയെ നെഗറ്റീവ് റോളിൽ ഇത്രയും തീവ്രമായി അവതരിപ്പിച്ച മറ്റൊരു സിനിമ മലയാളത്തിൽ ഇല്ലെന്ന് തന്നെ പറയേണ്ടി വരും.

ഡീറ്റൈലിങ്ങിന്റെ കാര്യത്തിലും ചിത്രം മികവ് പുലർത്തുന്നുണ്ട്. പ്രധാനമായും വയലിൻ കൊണ്ട് കമ്പോസ് ചെയ്ത ഒരു ട്യൂൺ സിനിമയിലുടനീളം ഒരു ആകാംക്ഷ കലർന്ന ഭീകരത സൃഷ്ടിക്കുന്നുണ്ട്. ഇടയ്ക്കു വരുന്ന മറ്റു ബാക്ഗ്രൗണ്ട് സ്കോറുകളും മികച്ചതാണ്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ആളാണ് കുട്ടിച്ചായൻ. സിനിമയുടെ പല ഫ്രെയിമുകളിലും കാഴ്ച നഷ്ടപ്പെട്ട,വെളുത്ത നിറത്തിലുള്ള ഈ കണ്ണുകൾ ഒരു ഭീതി സൃഷ്ടിക്കുന്നുണ്ട്. മുഴുവനായി കിടപ്പിലായ ഒരു രോഗിയുള്ള വീടിന്റെ അന്തരീക്ഷം പൂർണമായി പ്രേക്ഷകരിലേക്കെത്തിക്കുന്നുണ്ട് സിനിമ. ഓവ് ചാലിലൂടെ ഇടക്കിടക്ക് ഒഴുകി വരുന്ന ചോര കലർന്ന വെള്ളവും, ഉപയോഗിച്ച ഡയപ്പറുകളുടെ അവശിഷ്ടങ്ങളും ഒക്കെ ഇതിനുദാഹരണങ്ങളാണ്. ആ വീട്ടിലെ മണം കാരണം അലമാരയുടെ അകത്തു നിന്നും ബ്രഡ് എടുത്തു കഴിക്കുന്ന, ഇടയ്ക്കിടെ കൈ മണത്തു നോക്കുന്ന ഷൈനി എന്ന കഥാപാത്രം ആ വീട് അവർക്ക് എത്രമേൽ അസഹനീയമാണ് എന്ന് നമുക്ക് കാണിച്ചു തരുന്നുണ്ട്.

ഒരു അഭിമുഖത്തിൽ ചിത്രത്തിന്റെ സംവിധായകൻ പറയുന്നത് തലമുറകളെയും മനുഷ്യ ബന്ധങ്ങളുടെ ആഴത്തെയും സൂചിപ്പിക്കുന്നതാണ് ഈ സിനിമയെന്നാണ്. ഓരോ തലമുറകൾ കഴിയുംതോറും സ്നേഹവും മനുഷ്യത്വവും കുറഞ്ഞു വരുന്നത് സിനിമയിലൂടെ കാണിക്കുന്നുവെന്നാണ്. അങ്ങനെയൊരു പ്രസ്താവന കേട്ടതിനു ശേഷം ഈ സിനിമ കാണുന്നത് വിമർശന വിധേയമാണ്. തലമുറകൾ തോറും ഇത്രയും വെറുപ്പും അസഹിഷ്ണുതയും കൈമാറി വരുന്നുണ്ടോ എന്നൊരു ചോദ്യം അവിടെ ഉദിക്കും. എല്ലാക്കാലത്തും ഇത്തരത്തിലുള്ള മനുഷ്യർ ഉണ്ടായിരുന്നില്ലേ എന്നും നമ്മുടെ ക്രൈം ഡയറികൾ അത് കാണിച്ചു തരുന്നില്ലേ എന്നും ചോദ്യങ്ങളുയരും. കുടുംബ ബന്ധങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന പുതു തലമുറയെയും നമ്മൾ വിസ്മരിച്ചു കൂടല്ലോ.

ചുരുക്കത്തിൽ ഫാമിലി ഡ്രാമക്കപ്പുറം സീറ്റ് എഡ്ജ് ത്രില്ലറായിട്ടാണ് സിനിമ നിറഞ്ഞാടുന്നത്. അടുത്ത ഞൊടിയിൽ എന്ത് സംഭവിക്കും എന്ന പ്രേക്ഷകന്റെ ഊഹങ്ങളെയാകെ തകർത്തു മറ്റൊരു തലത്തിലേക്ക് സീനുകളെ അടുക്കി വച്ചിട്ടുണ്ട് സിനിമയിലുടനീളം. ലൈംഗികച്ചുവയുള്ള ചില രംഗങ്ങളും അസഭ്യമായ ഭാഷാ പ്രയോഗവും വയലന്‍സ് രംഗങ്ങളും ഉള്ളത് കൊണ്ട് തന്നെ സിനിമക്ക് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിട്ടുള്ളത്. കുട്ടികളെ ഒഴിവാക്കി സിനിമ കാണുന്നതാവും കൂടുതൽ ഉചിതം.

Related Articles

stay connected

3,430FansLike
800FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles