Home Latest NewsStory ഇന്ന് ലോകഇഡലി ദിനം

ഇന്ന് ലോകഇഡലി ദിനം

by Green Media Vision
     

അമ്മ ഉണ്ടാക്കുന്ന നല്ല മാര്‍ദ്ദവമുള്ള ഇഡ്ഡലി, ഒപ്പം ചൂടുള്ള ചട്‌നി, ഇനി സാമ്പാറും കൂടി ആയാലോ ഒരെണ്ണമല്ല പത്തെണ്ണമെങ്കിലും കഴിച്ചു പോകും അല്ലേ…
എങ്കില്‍ എല്ലാവരും ഇന്ന് ഇഡ്ഡലി ഉണ്ടാക്കണം. കാരണം നമ്മുടെ പ്രിയപ്പെട്ട ഇഡ്ഡലിയുടെ ദിവസമാണിന്ന്. ലോക ഇഡ്ഡലി ദിനം.

പാശ്ചാത്യര്‍ അവര്‍ക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ക്കായി ഓരോ ദിനം മാറ്റി വെക്കാറുണ്ട്. തക്കാളി ദിനം, ആപ്പിള്‍ ദിനം ഇങ്ങനെ പോകുന്നു അവ. എന്നാല്‍ ഇതാ ഇപ്പോള്‍ ഇഡ്ഡലിക്കുമൊരു ദിനം.

ഇഡ്ഡലി ഉണ്ടായതിനെക്കുറിച്ച് നിരവധി കഥകള്‍ ഉണ്ടെങ്കിലും ദക്ഷിണേന്ത്യയില്‍ ഏത് വിശേഷ ദിവസങ്ങളിലും പൂ പോലുള്ള ഇഡ്ഡലികള്‍ പാത്രം നിറയെ ചിരിച്ചിരിക്കും. എങ്കില്‍ ആഘോഷിക്കൂ ഇഡ്ഡലി ദിനം ഇഡ്ഡലി ഉണ്ടാക്കിതന്നെ…

കുറച്ച് ഇഡ്ഡലി കഥ കൂടി…

ഇഡ്ഡലി ദിവസമായിട്ട് രാമേശ്ലേരി ഇഡ്ഡലിയെ കുറിച്ച് എങ്ങനെ പറയാതിരിക്കും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കുടിയേറ്റ കഥ, യഥാര്‍ത്ഥത്തില്‍ അതാണ് രാമശ്ശേരി ഇഡ്ഡലി കഥ.

മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്ന് കുടിയേറിപ്പാര്‍ത്തവര്‍ കൊണ്ടുവന്നതാണ് ഈ രുചിക്കൂട്ട്. പട്ടിന്റെ നാടായ കാഞ്ചീപുരത്തുനിന്ന് പാലക്കാടന്‍ മണ്ണിലേക്ക് കുടിയേറിപ്പാര്‍ത്ത മുതലിയാര്‍ കുടുംബത്തിലെ ചിറ്റൂരി മുത്തശ്ശിയാണ് വായില്‍ വെള്ളമൂറുന്ന, രസമുകുളങ്ങളെ തൊട്ടുണര്‍ത്തുന്ന രാമശ്ശേരി ഇഡ്ഡലിയുടെ രുചിപ്പെരുമ സമ്മാനിച്ചത്.

ദോശയ്ക്ക് കട്ടികൂടിയാല്‍ നമ്മള്‍ കളിയാക്കി വിളിക്കും ദൊഡ്ഡിലി എന്ന് എന്നാല്‍ രാമശ്ശേരി ഇഡ്ഡലി ദോശപോലെ വലുതും മൃദുവുമാണ്. ദോശപോലൊരു ഇഡ്ഡലി. പക്ഷേ കഴിച്ചാല്‍ ദൊഡ്ഡിലിയെന്ന് വിളിച്ച് കളിയാക്കാന്‍ തോന്നുകയേ ഇല്ല.

പാലക്കാട് ടൗണില്‍ നിന്ന് 8 കിലോമീറ്റര്‍ ഉള്ളിലേക്ക് പോയാല്‍ രമശ്ശേരി എന്ന സ്ഥലം. ഇഡ്ഡലി എന്ന് പറഞ്ഞാല്‍ ആരും ആദ്യം ഓര്‍ക്കുന്ന പേര്. അവിടെ മന്നത്ത് ഭഗവതീ ക്ഷേത്രത്തിനടുത്ത് സരസ്വതീ ടീ സ്റ്റാള്‍. ഇതാണ് ഏറ്റവും ശ്രേഷ്ഠമായ ഇഡ്ഡലികിട്ടുന്ന ഇഡ്ഡലിക്കട.

മുതലിയാര്‍ കുടുംബം തന്നെയാണ് ഇന്നും ഈ കട നടത്തുന്നത്. ഇവിടെ ഉണ്ടാക്കുന്ന ഇഡ്ഡലിയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്. പൊന്നിയരി മാത്രമാണ് ഇതിനായി ഉപയോഗിക്കുക. . പത്തുകിലോ പൊന്നി അരിയ്ക്ക് ഒന്നര കിലോ ഉഴുന്ന് പരിപ്പ് എന്നതാണ് കണക്ക്. അല്‍പ്പം ഉലുവയും ചേര്‍ത്ത് മൂന്നും പൊടിച്ചെടുക്കണം. തലേന്നാള്‍തന്നെ പൊടിച്ച് അരയ്ച്ച് വെക്കും. ഇത് ഇഡ്ഡലി മാവിന്റെ കൂട്ട്.

ഇഡ്ഡലി ഉണ്ടാക്കുന്നതിലും ഉണ്ട് രാമശ്ശേരി ടച്ച്. വിറകടുപ്പില്‍ പുളിമരത്തിന്റെ വിറക് മാത്രം ഉപയോഗിച്ച് തീ കൂട്ടിയാണ് ഇത് ഉണ്ടാക്കുക. അടുപ്പില്‍ വെള്ളം നിറച്ച കലം വെച്ച് അതിന് മുകളില്‍ ഒരു തട്ട് വെക്കുന്നു. മണ്‍കലത്തിന്റെ കഴുത്ത് മാത്രം ഉപയോഗിച്ച് അതില്‍ നൈലോണ്‍ നൂല്‍ കെട്ടിയാണ് ഈ തട്ട് ഉണ്ടാക്കുന്നത്.

ഈ തട്ടില്‍ തുണി വിരിച്ച് ഇഡ്ഡലി മാവ് ഒഴിച്ച് ആവിയില്‍ വേവിച്ചെടുത്താല്‍ രാമശ്ശേരി ഇഡ്ഡലി തയ്യാര്‍. തിളച്ചവെള്ളത്തിന് മുകളില്‍ വെക്കുന്നതുകൊണ്ട് 3 മിനിറ്റിനുള്ളില്‍ ഇഡ്ഡലി തയ്യാര്‍… ഒരേ സമയം ഒരു അടുപ്പില്‍ 5 ഇഡ്ഡലി വരെ ഉണ്ടാക്കാം. വാഴയിലയിലാണ് ഇഡ്ഡലി നല്‍കുക.ചൂടന്‍ ഇഡ്ഡലിക്കൊപ്പം സാമ്പാര്‍, ചട്‌നി, ചമ്മന്തിപ്പൊടി. ഇതില്‍ അല്‍പ്പം എണ്ണകൂടി ചേര്‍ത്താല്‍ സ്വാദ് പിന്നെയും കൂടും.

രാമശ്ശേരി ഭാഗങ്ങളിലെ ഹോട്ടലുകളെല്ലാം ഇഡ്ഡലി വാങ്ങുന്നത് മുതലിയാര്‍ കുടുംബങ്ങളില്‍നിന്നാണ്. ഇവര്‍ ഇന്നും ഈ രുചി പാരമ്പര്യം നിലനിര്‍ത്തിപ്പോരുന്നു.

ഇനിയുമുണ്ട് നല്ല നാടന്‍ പെരുമയുള്ള വിഭവങ്ങള്‍…
തലശ്ശേരി ബിരിയാണി, കോഴിക്കോടന്‍ ഹല്‍വ, അങ്ങിനെയങ്ങെനിനെ.
ഈ സ്ഥലപ്പേരുകള്‍ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നതും ഈ വിഭവങ്ങള്‍ തന്നെയല്ലേ. ഒരു നാടിന്റെ ചരിത്രം അവിടുത്തെ രുചിക്കൂട്ടുകളുടേതുകൂടിയാകുന്നതും ഇങ്ങനെയൊക്കെയാണ്

ഇഡ്ഡലി

ദക്ഷിണ ഭാരതത്തിലെ ഒരു ഭക്ഷണ വസ്തുവാണ് ഇഡ്ഡലി (ഇഡ്ലി, ഇഡലി, ഇഡ്ഢലി). അരിയും ഉഴുന്നും കുതിർത്തരച്ച മാവ് പുളിപ്പിച്ചശേഷം ആവിയിൽ വേവിച്ചുണ്ടാക്കുന്ന വെളുത്ത നിറത്തിലുള്ള മൃദുവായ ഒരു പലഹാരമാണിത്. മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ബർമ്മ തുടങ്ങിയ രാജ്യങ്ങളിലും ഇത് വ്യാപകമായി ഭക്ഷിച്ചൂവരുന്നു. ഗാർഹികമായി മാത്രം ഉണ്ടാക്കാറുണ്ടായിരുന്ന ഇഡലി ഇന്ന് വ്യാവസായികാടിസ്ഥാനത്തിലും നിർമ്മിച്ചൂവരുന്നു. ഇഡലി മാവും വ്യാവസായികാടിസ്ഥാനത്തിൽ ലഭ്യമാണ്. പൊതുവേ പ്രാതലായാണ് ഇഡലി കഴിക്കാറുള്ളത്. ചട്നിയും സാമ്പാറുമാണ്‌ ഇഡലിയോടൊപ്പം കഴിക്കുന്ന കറികൾ. ചെറുതായി ഉതിർത്ത ഇഡലിയിൽ മുളകുപൊടി വിതറി കറിവേപ്പിലയും ചേർത്ത് ചൂടാക്കിയും കഴിക്കാറുണ്ട്.

ചരിത്രം

ആധുനിക ഇഡലിയുടെ ഉത്ഭവകഥ എന്താണെന്ന് ആർക്കും അറിയില്ലെങ്കിലും, അതിപുരാതന കാലം മുതൽക്കേ പ്രചാരത്തിലുണ്ടായിരുന്ന ഭക്ഷണമാണെന്ന് അറിയുന്നു. ക്രി.വ. 920-ആം ആണ്ടിൽ ശിവകോടി ആചാര്യ കന്നഡത്തിൽ എഴുതിയ ഒരു കൃതിയിൽ സമാനമായ ഒരു ഭക്ഷ്യവസ്തുവിനെ പറ്റി പരാമർശിക്കുന്നു. അതിൽ ഉഴുന്ന് മാത്രമാണ് ഉപയോഗിച്ചിരുന്നത്. കന്നട ഭാഷയിലെ ‘വഡ്ഢാ രാധനെ’ എന്ന കൃതിയിൽ ഇഡ്ഡലിയെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. ക്രി.വ. 1025-ലെ ഒരു കൃതിയിൽ മോരിലിട്ട് കുതിർത്ത ഉഴുന്ന് അരച്ചതും, കുരുമുളക്, മല്ലി, പെരുങ്കായം എന്നിവ ചേർത്തതുമായ ഒരു തരം ഇഡലിയെ പറ്റി പറയുന്നു.

കന്നഡ ദേശ രാജാവായിരുന്ന സോമേശ്വര മൂന്നാമന്റെ കാലത്ത് (ക്രി.വ. 1130)സംസ്കൃതത്തിൽ തയ്യാറാക്കിയ മാനസോല്ലാസ എന്ന സർവ്വവിജ്ഞാനകോശത്തിൽ ഇഡലി ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. 17-ആം നൂറ്റാണ്ട് വരെ ഇഡലിയിൽ അരി ചേർത്തിരുന്നതിന് തെളിവുകൾ ഒന്നും തന്നെ ഇല്ല. അരി, മാവ് പുളിക്കലിനെ ത്വരിതപ്പെടുത്തുന്നത് കൊണ്ടാ‍വാം ചേർത്ത് തുടങ്ങിയത്.

ഇതര രൂപങ്ങൾ

ഇഡലി തന്നെ റവ ഇഡലി, സാമ്പാർ ഇഡലി(സാധാരണ ഇഡ്ഡലി സാമ്പാറിൽ മുങ്ങി കുളിച്ച്), രസ ഇഡലി, നെയ്യ് ഇഡ്ഡലി (ആഡ്രാ), ഉലുവ ചേർത്തുള്ള ഇഡ്ഡലി(ഒരു കാലത്ത് സിനിമാനടി കുശ്ബുവിന്റെ പേരിൽ അറിയപ്പെട്ടിന്നു [1]) എന്നിങ്ങനെ പല രൂപത്തിലും ലഭിക്കുന്നു. . ചെന്നൈയിലെ മുരുകൻ ഇഡലി ഷോപ്പ്, ഇഡലി മാത്രം വിൽക്കുന്ന ഒരു കടയാണ്. അതിൽ നിന്നു തന്നെ ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളിൽ ഇഡലിയുടെ സ്ഥാനം ഊഹിക്കാവുന്നതാണ്.

രാമശ്ശേരി ഇഡ്ഡലി

കേരളത്തിൽ പാലക്കാട് ജില്ലയിലുള്ള രാമശ്ശേരി എന്ന ഗ്രാമത്തിലാണ് രുചിയിൽ വളരെ വ്യത്യാസമുള്ള രാമശ്ശേരി ഇഡ്ഡലി എന്ന പ്രത്യേക തരം ഇഡ്ഡലിയുള്ളത്. പാലക്കാടുനിന്നും വാളയാറിലേയ്ക്കുള്ള വഴിയിൽ പുതുശ്ശേരിക്ക് അടുത്ത് എലപ്പുള്ളി പഞ്ചായത്തിലാണ് രാമശ്ശേരി എന്ന ഗ്രാമം. [2] പൊള്ളാച്ചി റൂട്ടിൽ കുന്നാച്ചി യിൽ നിന്നും രണ്ട് കിലോമീറ്റർ പോയാലും രാമശ്ശേരിയിൽ എത്താം. മന്ദത്ത് ഭഗവതിക്ഷെത്രം ഇവിടേ ആണ്. ഈ ഗ്രാമത്തിന്റെ പേര് തന്നെ ഈ ഇഡ്ഢലിപെരുമ കൊണ്ടാണ്. മുതലിയാർ സമുദായക്കാരാണ് ഇതുണ്ടാക്കുന്നത്. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്നും പാലക്കാട്ടേയ്ക്ക് കുടിയേറിയവരാണ് ഇവിടെയുള്ള മുതലിയാർ കുടുംബങ്ങൾ. മുമ്പ് 60 ഓളം കുടുംബങ്ങൾ ഇഡ്ഢലി ഉണ്ടാക്കി വിറ്റിരുന്നുന്നെങ്കിൽ, ഇന്ന് നാലഞ്ചു കുടുംബങ്ങളേ ഈ ഇഡ്ഡലി ഉണ്ടാക്കുന്നുള്ളൂ.

ഉണ്ടാക്കുന്ന വിധം

പത്തുകിലോ പൊന്നി അരിക്ക് ഒന്നരകിലോ ഉഴുന്ന് പരിപ്പ് എന്ന കണക്കിലാണ് ഇതിന് ഉപയോഗിക്കുന്നത്. ഇതിൽ 50 ഗ്രാം ഉലുവ കൂടി ചേർത്ത്, ഇവ മുന്നും കൂട്ടി നന്നായി അരച്ച് വെക്കയ്ക്കണം. പിറ്റേ ദിവസം കാലത്ത് എടുത്ത് ഇഡ്ഡലി ഉണ്ടാക്കാം. പുറത്ത് പലരും മേൽപ്പറഞ്ഞ രീതിയിൽ ഇത് ഉണ്ടാക്കി പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഉണ്ടാക്കുന്ന രുചി ലഭിക്കാത്തത് കൊണ്ട് വെളിപ്പെടുത്തുന്ന ചേരുവകൾക്കപ്പുറം മറ്റെന്തൊ രഹസ്യമുണ്ടെന്ന് ജനങ്ങളുടെ അനുഭവം. വിറകടുപ്പിൽ അതും പുളി മരത്തിന്റെ വിറകാണ് ഇതിന് ഉപയോഗിക്കുന്നത്. മൺപാത്രത്തിന്റെ മുകളിൽ നുല് തലങ്ങനെയും വിലങ്ങനെയും കെട്ടി വെച്ചതിന്റെ മുകളിൽ തുണി വിരിക്കും അതിനു മുകളിലാണ് മാവ് കോരി ഒഴിക്കുന്നത്. തൊട്ടുമുകളിൽ നൂല് കെട്ടിയ മറ്റൊരു തട്ട് വെക്കും. അതിനു മുകളിലും മാവ് ഒഴിക്കും. ഇങ്ങനെ അഞ്ച് എണ്ണം വരെ വെക്കാം. ഇതെല്ലാം കൂടെ ആവി പുറത്തു പോകാത്ത രീതിയിൽ ഒരു പാത്രം കൊണ്ട് മൂടും. ആവിയിൽ നന്നായി വെന്ത ശേഷം ഇറക്കിവെച്ച് ഒരോന്നായി ഇളക്കിയെടുക്കും.

പ്രത്യേകതകൾ

ഒരാഴ്ച വെച്ചാലും ഇത് കേടുവവരില്ലെന്ന് അവകാശപ്പെടുന്നു. ചമ്മന്തിപ്പൊടിയും കൂട്ടി രാമശ്ശേരി ഇഡ്ഡലി തിന്നുന്നതിന് പ്രത്യേക രുചിയാണ്. ഇപ്പോൾ വിദേശികളടക്കം നിരവധി പേർ രാമശ്ശേരി ഇഡ്ഢലിയുടെ രുചിയറിയാൻ ഇവിടെയെത്തുന്നുണ്ട്. കൂടാതെ കല്യാണം തുടങ്ങിയ ചടങ്ങുകൾക്കും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.ചിറ്റൂരി മുത്തശ്ശി എന്ന മുത്തശ്ശി രാമശ്ശേരി ഇഡ്ഢലി ഉണ്ടാക്കുന്നതിൽ പേരുകേട്ടവർ ആണ്……

You may also like

Leave a Comment