പുതുമകളും അതിലേറെ കൗതുകങ്ങളുമായി മലയാളത്തിൽ ഒരു സിനിമ ഒരുങ്ങുന്നു. ചിത്രത്തിന്റെ പേര് ഹെഡ്മാസ്റ്റര്. ഇതിനോടകം കഴിവ് തെളിയിച്ച ആറ് സംവിധായകർ ഹെഡ്മാസ്റ്ററിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. സംവിധാനത്തിന് സംസ്ഥാന ദേശിയ അവാർഡുകൾ നേടിയിട്ടുള്ള രാജീവ് നാഥിന്റെ 27-ആം സിനിമയാണ് ഹെഡ് മാസ്റ്റർ. 2007 ൽ ഏറ്റവും നല്ല ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ സുഭദ്രത്തിന്റെ സംവിധായകൻ ശ്രീലാൽ ദേവരാജ് ആണ് ഹെഡ്മാസ്റ്ററിന്റെ നിർമ്മാതാവ്. ചാനൽ അവതാരകനും എഴുത്തുകാരനും ആഗസ്റ്റ് ക്ലബ് എന്ന സിനിമയുടെ സംവിധായകനുമായ KB വേണുവും രാജീവ് നാഥും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ദേശിയ, സംസ്ഥാന അവാർഡുകൾ നേടിയ തലപ്പാവ്, ഒഴിമുറി എന്നീ സിനിമകളുടെ സംവിധായകൻ മധുപാലും, പതിനെട്ടാം പടിയുടെ സംവിധായകൻ ശങ്കർ രാമകൃഷ്ണനും ഹെഡ്മാസ്റ്ററിൽ ശ്രദ്ധേയമായ രണ്ട് വേഷങ്ങൾ അവതരിപ്പിക്കുന്നു. ഇവരോടൊപ്പം പ്രെയിസ് ദ ലോർഡ്, രുദ്രസിംഹസം എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഷിബു ഗംഗാധരൻ ഹെഡ്മാസ്റ്ററിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിക്കുന്നു. പ്രസിദ്ധ എഴുത്തുകാരൻ കാരൂർ നീലകണ്ഠ പിള്ള യുടെ പൊതിച്ചോർ എന്ന ചെറുകഥയുടെ ചലച്ചിത്ര ആവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റർ. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പി ആർ ഓ .