തൊടുപുഴ: ദേവികുളം തിരഞ്ഞെടുപ്പില്‍ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റിയുടെ ശിപാര്‍ശയെ തുടര്‍ന്ന് ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ എംഎല്‍എ, എസ് രാജേന്ദ്രന്. പാര്‍ട്ടി അന്വേഷണത്തില്‍ വിശദീകരണം നല്‍കിയില്ല എന്ന പറയുന്നത് തെറ്റാണെന്ന് രാജേന്ദ്രന് അറിയിച്ചു. ആരെങ്കിലും കഥയെഴുതുന്നതിന് അനുസരിച്ച് അഭിനയിക്കാന്‍ അറിയില്ല. തനിക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാനേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്തില്‍ ഇത് വരെ നടപടി ഉണ്ടായില്ലെന്നും രാജേന്ദ്രന് ആരോപിച്ചു. മെമ്പര്‍ഷിപ്പ് നല്‍കുന്നതിനും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിനും പാര്‍ട്ടിക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയെ തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച് രണ്ടംഗ കമ്മീഷനാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ രാജേന്ദ്രന് കുറ്റക്കാരന്‍ ആണെന്ന് കമ്മീഷന് കണ്ടെത്തിയിരുന്നു.