ആനത്താവളത്തിൽ നിന്ന് ഇറങ്ങി ആനകളെ ആറ് കിലോമീറ്ററോളം നടത്തണമെന്നാണ് വിദഗ്ധ നിർദേശം. ഗുരുവായൂരപ്പനെ വണങ്ങിയശേഷമാണ് നടത്തം
തൃശൂര്‍: ഗുരുവായൂര്‍ ആനത്താവളത്തിലെ ആനകള്‍ സംഘം ചേര്‍ന്ന് നടത്തം തുടങ്ങി. ഈ കാഴ്ച ഇനി നാട്ടിലും കാണാമെന്നത് കണ്ടു നിന്നവരിലും കൗതുകമുണര്‍ത്തി. ഗുരുവായൂരിലെത്തിയാല്‍ ഇനി ആന സവാരിയും കാണാമല്ലോ എന്ന പ്രതീക്ഷയിലാണ് ആനപ്രേമികള്‍.
ആനത്താവളത്തിലെ അഞ്ച് ആനകള്‍ വീതം ദിവസവും ക്ഷേത്രം വരേയും തിരിച്ചും നടക്കും. ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ ദിവസം ആറു കിലോമീറ്റര്‍ നടത്തണമെന്ന വനംവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആനസവാരി ആരംഭിച്ചത്. മഴക്കാലത്ത് കെട്ടുംതറിയില്‍ മാത്രം നില്പുറപ്പിക്കുന്നത് ആനകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നായിരുന്നു വനംവകുപ്പിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ആനത്താവളം സന്ദര്‍ശിച്ച അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.എം.പ്രഭുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശയം മുന്നോട്ട് വച്ചത്.
കൊവിഡിനെ തുടര്‍ന്ന് ഉത്സവങ്ങള്‍ ചടങ്ങുകള്‍ മാത്രമാക്കിയതോടെയാണ് ആനകള്‍ക്ക് നടത്തം കുറവായത്. ഇതോടെ ആനകള്‍ക്ക് എരണ്ടകെട്ട് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുത്തുതുടങ്ങി. ഇനി മുതല്‍ നടത്തം ആനകളെ ഉന്മേഷവൻമ്മാരാക്കും ജൂനിയര്‍ മാധവന്, ജൂനിയര്‍ ബാലകൃഷ്ണന്, ഗോപീകൃഷ്ണ, ദേവി, വിനായകന് എന്നിവരാണ് ഇന്നത്തെ നടത്തക്കാര്‍. ഓരോ ദിവസവും മാറി മാറിയുള്ള സംഘങ്ങളാണ് നടക്കാനിറങ്ങുക. ദിവസവും രാവിലെ എട്ടരയ്ക്ക് ആനത്താവളത്തില്‍ നിന്ന് നടത്തം തുടങ്ങും. കിഴക്കേനടയിലെത്തി ഗുരുവായൂരപ്പനെ വണങ്ങി പത്തോടെ തിരിച്ച് ആനത്താവളത്തിലെത്തും. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് നടത്തം തുടങ്ങിയാല്‍ അഞ്ചരയോടെ തിരിച്ചെത്തും. ഈ വിധമാണ് നടത്തം ക്രമീകരിച്ചിരിക്കുന്നത്. ആനകള്‍ വരിയായി നിരത്തിലിറങ്ങിയതോടെ കാണികള്‍ക്കും കൗതുകമായിട്ടുണ്ട്.