ചങ്ങനാശേരി: 145-ാമത് മന്നം ജയന്തിയോടനുബന്ധിച്ചുള്ള സമ്മേളനങ്ങളും ആഘോഷങ്ങളും കൊവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ട് ജനുവരി 2-ന് സംസ്ഥാനവ്യാപകമായി നടത്തുന്നു. രാവിലെ 11 മണിക്ക് താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലുമായി പുഷ്പാർച്ചന നടത്തും. പെരുന്നയിലെ മന്നംസമാധിമണ്ഡപത്തിൽ രാവിലെ 7.30 മുതൽ പുഷ്പാർച്ചന നടത്തും. സമുദായാംഗങ്ങൾക്കും മറ്റ് അഭ്യുദയകാംക്ഷികൾക്കും അതിൽ പങ്കെടുക്കാവുന്നതാണ്.സമുദായാചാര്യന്റെ ഓരോ ജന്മദിനവും നായർ സർവീസ് സൊസൈറ്റിയുടെ വളർച്ചയിലേക്കുള്ള പടവുകളാണ് എന്ന് എന്‍എസ്എസ് ജനറൽ സെക്രട്ടറി സുകുമാരന്‍നായർ പറഞ്ഞു. സമുദായത്തിന്റെയും സർവീസ് സൊസൈറ്റിയുടെയും പുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളോടൊപ്പം, സാമൂഹിക അസമത്വങ്ങൾക്കെതിരെ പോരാടുകയും ചെയ്താളാണ് അദ്ദേഹം. രാജ്യത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്കു വേണ്ടി ജീവിതം വസാനംവരെ അക്ഷീണം പരിശ്രമിക്കുകയും ചെയ്ത അദ്ദേഹത്തെ ആദരപൂർവ്വം സ്മരിക്കാനുള്ള അവസരമാണ് ഓരോ മന്നം ജയന്തിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു