കരുനാഗപ്പള്ളി: ദേശീയപാതയിൽ കരുനാഗപ്പള്ളി കന്നേറ്റിപ്പാലത്തിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്ക്. ചൊവ്വ പുലർച്ചെ രണ്ടോടെ ആയിരുന്നു അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന അനിമോൻ, രാഹുൽ (കണ്ണൻ) എന്നിവർക്കാണ് പരിക്കേറ്റത്. ഇടപ്പള്ളിക്കോട്ടയിലേക്കു പോയ ആംബുലൻസും എതിരെവന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. പൊലീസും കരുനാഗപ്പള്ളി, ചവറ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആംബുലൻസിൽ കുടുങ്ങിയ രാഹുലിനെ മുൻഭാഗം പൊളിച്ചുമാറ്റിയാണ് പുറത്തെടുത്തത്. രാഹുൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും അനിമോൻ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും ചികിത്സതേടി. അപകടത്തെ തുടർന്ന് ഏറെനേരം ദേശീയപാതയിൽ ഗതാഗതം നിലച്ചു.