തൃശൂർ : അറയ്ക്കൽ വീടീനുള്ളിലേക്ക് ആർക്കും ഇന്നലെ രാവിലെ വരെ പ്രവേശനമുണ്ടായിരുന്നില്ല. പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിന് സമീപത്തുള്ള പ്രദീപിന്റെ ഇരുനില വീടിന്റെ പൂമുഖത്തെ ഇരു തൂണുകളും ചേര്‍ത്ത് ചുവന്ന റിബണ്‍ കെട്ടിയിട്ടിരുന്നു. പൂമുഖത്ത് വ്യോമസേനാ വേഷമിട്ട് ചിരിച്ചുകൊണ്ട് നില്ക്കുന്ന പ്രദീപിന്റെ ചിത്രം. അതിനു മുന്നില്‍ വിളക്ക് തെളിയുന്നു. എല്ലാവരും ദുഃഖത്തിലായിരുന്നു. ധീര പുത്രൻ പ്രദീപിന്റെ വിയോഗത്തിലും മകന്റെ മരണവിവരം അച്ഛനെ അറിയിക്കാൻ കഴിയാത്തതിനാലും. കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ പ്രദീപിന്റെ വിയോഗം ഇന്നലെ രാവിലെ വരെ അച്ഛൻ രാധാകൃഷ്ണനെ അറിയിച്ചിരുന്നില്ല. പേരക്കുട്ടികളും ബന്ധുക്കളുമൊക്കെ വീട്ടിലെത്തിയപ്പോഴും ആ അച്ഛൻ ചോദിക്കുന്നുണ്ടായിരുന്നു. പ്രദീപ് എന്തേ വരാത്തതെന്ന്. മകൻ മരിച്ചതറിയാതെ കണ്ണീരിലാഴ്ത്തുന്ന ചോദ്യമായിരുന്നു അത്.
ഏതാനും വര്‍ഷങ്ങളായി ശ്വാസകോശസംബന്ധമായ അസുഖം ബാധിച്ചിരിക്കുകയായിരുന്നു രാധാകൃഷ്ണന്. വീട്ടിലെ വെന്റിലേറ്ററിലായിരുന്നു രാധാകൃഷ്ണൻ കഴിഞ്ഞിരുന്നത്. ശ്വാസകോശ രോഗശയ്യയിലായ അച്ഛനെ കാണാനാണ് പ്രദീപ് അവസാനമായി പൊന്നൂക്കരയിലെത്തിയത്. ഓരാഴ്ച അച്ഛന്റെ കൂടെ ആശുപത്രിയിൽ കൂടെ നിന്നതും പ്രദീപായിരുന്നു. വേഗം തിരിച്ചുവരുമെന്ന് അച്ഛനോട് പറഞ്ഞാണ് പ്രദീപ് യാത്രയായത്. പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിച്ചശേഷമാണ് അച്ഛനെ മകന്റെ വിയോഗയാത്ര അറിയിച്ചത്. വാർത്ത കേൾക്കാനാവാതെ അച്ഛൻ പൊട്ടിക്കരയുന്ന കാഴ്ച നാട്ടുകാർക്ക് നൊമ്പരമായി. കഴിഞ്ഞ ആഴ്ച പൊന്നൂക്കരയിൽ നിന്ന് പോകുമ്പോൾ ഉത്സവത്തിന് മടങ്ങിയെത്താമെന്നാണ് പ്രദീപ് കൂട്ടുകാരോട് പറഞ്ഞത്. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനെ ഇത്രപെട്ടെന്ന് ചേതനയറ്റ് കാണേണ്ടിവന്നത് കൂട്ടുകാർക്കും താങ്ങാനായില്ല. തങ്ങൾ ജീവിച്ചിരിക്കെ മകൻ മരിച്ചത് താങ്ങാനാവാതെ പൊട്ടിക്കരയുന്ന പ്രദീപിന്റെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കാനാവാതെ നാട്ടുകാരും വിങ്ങിപ്പൊട്ടി. വളരെ സാധാരണ കുടുംബമായിരുന്നു പ്രദീപിന്റേത്. സൈനിക സേവനത്തിന് കയറി അടുത്തിടെയാണ് ചോർന്നൊലിക്കുന്ന വീടു പോലും പുതുക്കി പണിതത്. മകളുടെ ജൻമദിനാഘോഷം ഇവിടെ വച്ച് നടത്തണമെന്ന അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റാൻ കൂടിയാണ് പ്രദീപ് വീട് പണി വേഗം പൂർത്തിയാക്കിയതെന്നും നാട്ടുകാർ ഓർക്കുന്നു. കൂലിപ്പണിക്ക് പോയാണ് പ്രദീപിന്റെ അച്ഛൻ കുടുംബം നോക്കിയിരുന്നത്. സൈനിക സേവനത്തിന് കയറിയ ശേഷം അച്ഛനെ നിർബന്ധപൂർവം പറഞ്ഞ് വിശ്രമിക്കാൻ സമ്മതിപ്പിക്കുകയായിരുന്നു പ്രദീപ്. രാജ്യത്തിന് പ്രദീപിന്റെ വിയോഗം തീരാനഷ്ടമാണ്, കുടുംബത്തിന് നഷ്ടമായത് ഏക അത്താണിയും.