25.5 C
Kollam
Tuesday, August 9, 2022
spot_img

അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ “ശിവൻ “ഓർമ്മ ;

More articles

വിഖ്യാത ക്യാമറാമാൻ ആയിരുന്നു എങ്കിലും ശിവനു ക്യാമറ നൽകില്ലെന്നു പറഞ്ഞ സ്റ്റുഡിയോ തലസ്ഥാനത്തുണ്ട്.ശിവൻ ഡോക്യുമെന്ററി സിനിമകൾ എടുക്കുന്ന കാലത്താണു സംഭവം.ചിത്രത്തിനു വേണ്ടി ക്യാമറ വാടകയ്ക്കെടുക്കാൻ മെറിലാൻഡ് സ്റ്റുഡിയോയിൽ ചെന്നപ്പോൾ പ്രതികരണം മോശമായിരുന്നു. ശിവനാണു ക്യാമറ പ്രവർത്തിപ്പിക്കുന്നതെന്ന് അറിഞ്ഞതോടെ നൽകാൻ സാധിക്കില്ലെന്നായി സ്റ്റുഡിയോക്കാർ. തുടർന്നു ചെന്നൈയിലെ ജെമിനി സ്റ്റുഡിയോയിൽ നിന്നു ക്യാമറ വരുത്തിയാണു ചിത്രീകരിച്ചത്.
അതോടെ മൂവി ക്യാമറ സ്വന്തമാക്കണമെന്നു ശിവനു വാശിയായി.അക്കാലത്ത് ഏറെ പണിപ്പെട്ട് 5 ലക്ഷം രൂപ ഉണ്ടാക്കി. കലിഫോർണിയയിൽ നിന്നു മിച്ചൽ റിഫ്ലക്സ് മാർക്ക് ടു ക്യാമറ ഇറക്കുമതി ചെയ്തു. അക്കാലത്തെ ഏറ്റവും മികച്ച ക്യാമറ. ഈ ക്യാമറ ഉപയോഗിച്ചു കുറെ ആയപ്പോൾ കുറെക്കൂടി കൈകാര്യം ചെയ്യാൻ എളുപ്പമുള്ള ആരിഫ്ലക്സ് വാങ്ങാനായി മോഹം.ലക്ഷങ്ങൾ മുടക്കി ജർമനിയിൽ നിന്നാണ് അതു വാങ്ങിയത്. രണ്ടു ക്യാമറ സ്വന്തമായതോടെ ഫിലിം സ്റ്റുഡിയോ തുടങ്ങിയാൽ കൊള്ളാം എന്നായി ചിന്ത. റെക്കോർഡിങ്ങിനുള്ള സാധനങ്ങളെല്ലാം വാങ്ങി.സ്റ്റുഡിയോയ്ക്കു വേണ്ടി തിരുവനന്തപുരത്തു പോങ്ങുംമൂട്ടിൽ സ്ഥലവും ഏറ്റെടുത്തു.
എന്നാൽ ചിത്രാഞ്ജലി സ്റ്റുഡിയോ തുടങ്ങിയതോടെ ശിവൻ തന്റെ മോഹം ഉപേക്ഷിച്ചു.ക്യാമറയും ഉപകരണങ്ങളും എല്ലാം സ്വന്തം വീട്ടിലെ മുറികളിലേക്കു മാറ്റി. ശിവന്റെ ക്യാമറ ആർക്കും വാടകയ്ക്കു കൊടുക്കില്ലായിരുന്നു. സ്വന്തം സിനിമകൾക്കായി അദ്ദേഹവും മക്കളും മാത്രമേ അവ ഉപയോഗിച്ചിരുന്നുള്ളൂ. സിനിമയുടെ റെക്കോർഡിങ്ങും മറ്റും അക്കാലത്തു സ്വന്തം വീട്ടിലാണു നടത്തിയിരുന്നത്. ക്യാമറയും മറ്റും വാങ്ങിയതോടെ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായി. കടം പെരുകി.കെ എഫ് സി യിൽ  നിന്ന് എടുത്ത വായ്പ ഈടാക്കാൻ അവർ വീട് ജപ്തി ചെയ്യ്തേക്കുമെന്ന സ്ഥിതി ആയി. വീടു നഷ്ടപ്പെട്ടാലും ക്യാമറ വിൽക്കില്ലെന്ന വാശിയിലായിരുന്നു ശിവൻ. ഒടുവിൽ കടം അടച്ചു തീർക്കാൻ സർക്കാർ സാവകാശം നൽകി. കടം വീട്ടാനും മക്കളെ പഠിപ്പിക്കാനും അദ്ദേഹം ഒട്ടേറെ ഡോക്യുമെന്ററികളെടുത്തു. മിക്കതും ലാഭകരമായിരുന്നു. എട്ടു വർഷത്തെ കഠിനാധ്വാനം കൊണ്ടാണ് അന്നു കടം വീട്ടിയത്.
ശിവനും ചന്ദ്രമണിക്കും നാലു മക്കളാണ്. സംഗീത് ശിവൻ,സന്തോഷ് ശിവൻ,സഞ്ജീവ് ശിവൻ,സരിത. അച്ഛനും മക്കളും സുഹൃത്തുക്കളെ പോലെ ആയിരുന്നു. അച്ഛന്റെ തോളിൽ കയ്യിടാനുള്ള സ്വാതന്ത്ര്യം അദ്ദേഹം മക്കൾക്കു നൽകിയിരുന്നു. പക്ഷേ സൗഹൃദം മക്കൾ ദുരുപയോഗപ്പെടുത്തിയില്ല. അവരെ അദ്ദേഹം വഴക്കു പറഞ്ഞിരുന്നില്ല. പക്ഷേ നോട്ടത്തിലൂടെയോ വാക്കിലൂടെയോ തന്റെ അതൃപ്തി അദ്ദേഹം മക്കളെ മനസിലാക്കിയിരുന്നു. മക്കളോടു ‘താൻ’ എന്നു വിളിച്ചു ശിവൻ സംസാരിച്ചാൽ അതിനു പിന്നിൽ എന്തോ ഇഷ്ടക്കേട് ഉണ്ടാകും.അത് ചോദിക്കാൻ അവർക്കു ധൈര്യമില്ല.അമ്മ ചന്ദ്രമണിയോടു ചോദിച്ചു കാര്യം മനസിലാക്കിയാണ് അച്ഛന്റെ പിണക്കം മാറ്റിയിരുന്നത്.

ശിവന്റെ സ്റ്റുഡിയോയുടെയും പോങ്ങുമ്മൂട്ടിലെ വീടിന്റെയുമെല്ലാം പേരു ‘ശിവൻസ്’ എന്നാണ്. ശിവന്റേത് എന്ന അർഥത്തിലല്ല ഈ പേരെന്നും ശിവൻമാർ എന്ന അർഥം കിട്ടാനാണ് അങ്ങനെ ഇട്ടതെന്നും ഒരിക്കൽ അദ്ദേഹം ഈ ലേഖകനോടു പറയുകയുണ്ടായി.അച്ഛനും മക്കളുമായുള്ള സൗഹൃദം ഈ പേരിൽ തന്നെ വ്യക്തം. ശിവനും മക്കളും പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന കാലത്ത് അദ്ദേഹത്തോട് ഒരു കുസൃതി ചോദ്യം ചോദിച്ചു.‘‘ഈ സമയത്ത് ഒരു കല്യാണ ഫോട്ടോ എടുക്കാൻ വിളിച്ചാൽ ശിവൻ ചേട്ടൻ പോകുമോ ‘‘വേണ്ടിവന്നാൽ പോകാൻ ഒരു മടിയുമില്ല.ഞാൻ മാത്രമല്ല..എന്റെ മക്കളും കല്യാണ ഫോട്ടോ എടുക്കാൻ പോകും.’’എന്നായിരുന്നു മറുപടി. ക്യാമറയോടുള്ള അടങ്ങാത്ത പ്രേമവും ചിത്രങ്ങൾ എത്ര എടുത്താലും മടുക്കാത്ത സ്വഭാവവും ആയിരുന്നു ശിവൻ എന്ന ഛായാഗ്രാഹകന്റെയും സംവിധായകന്റെയും വളർച്ചയുടെ രഹസ്യം. അത് എന്തു ചിത്രമായാലും അദ്ദേഹത്തിനു പ്രശ്നമില്ലായിരുന്നു.
ഹരിപ്പാട്ടുകാരനായ സി.ശിവശങ്കരൻ നായർ എന്ന ശിവൻ, എട്ടാം വയസ്സിലാണു തിരുവനന്തപുരത്ത് എത്തുന്നത്. അധ്യാപികയായിരുന്ന അമ്മയ്ക്കു തിരുവനന്തപുരത്തു ജോലി ലഭിച്ചപ്പോഴാണു ശിവൻ തിരുവനന്തപുരംകാരൻ ആയി മാറുന്നത്.അമ്മയുടെ കണ്ണാടിയുടെ ലെൻസ് ഇളക്കിയെടുത്തു വിളക്കിന്റെ വെളിച്ചം ഭിത്തിയിൽ വീഴ്ത്തിയാണ് അദ്ദേഹം ആദ്യമായി സിനിമ കാട്ടുന്നത്.തിയറ്ററിൽ നിന്നു സംഘടിപ്പിച്ച പഴയ ഫിലിമുകൾ ഭിത്തിയിൽ നിശ്ചല രൂപങ്ങളായി തെളിഞ്ഞു.അതു ചിത്രങ്ങളോടുള്ള കൗതുകമായി വളർന്നു.
പഠിക്കുന്ന കാലത്തു സ്പോർട്സ്, നാടകാഭിനയം, ശാസ്ത്രീയ സംഗീതം,ചിത്രരചന എന്നിവയിലും അദ്ദേഹം മിടുക്കനായിരുന്നു. എന്നാൽ കല കൊണ്ടു മാത്രം ജീവിക്കാനാവില്ലെന്നും എന്തെങ്കിലും തൊഴിൽ അറിയണമെന്നും ബോധ്യപ്പെട്ടപ്പോഴാണു ഛായാഗ്രഹണം പഠിക്കാമെന്നു തീരുമാനിച്ചത്. എന്നാൽ തിരുവനന്തപുരത്തെ പല സ്റ്റുഡിയോകളിലും കയറി ഇറങ്ങിയെങ്കിലും ആരും അടുപ്പിച്ചില്ല. തനിയെ പഠിക്കാമെന്നു വച്ചാൽ ക്യാമറയുമില്ല. അങ്ങനെയിരിക്കെയാണു ടൈറ്റാനിയത്തിൽ എൻജിനീയർ ആയിരുന്ന തോപ്പിൽ ഗോപാലൻ നായർ അദ്ദേഹത്തിന്റെ പഴയ ക്യാമറ ശിവനു നൽകിയത്. ആ ക്യാമറയിൽ നിന്നാണു ശിവൻ എന്ന ഛായാഗ്രാഹകന്റെ തുടക്കം. പടം എടുത്ത് അദ്ദേഹം ആളുകൾക്കു പ്രിയങ്കരനായി. പബ്ലിക് റിലേഷൻസ് വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ജോലിക്കു കയറിയെങ്കിലും സ്കൂൾ ഫൈനൽ പാസ്സാകാത്തതിനാൽ സ്ഥിരപ്പെടുത്തിയില്ല. അത് ഒരു വിധത്തിൽ അനുഗ്രഹമായെന്നും അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥനായി തളയ്ക്കപ്പെടുമായിരുന്നുവെന്നും പിന്നീട് ശിവൻ പറയുകയുണ്ടായി.

സെക്രട്ടേറിയറ്റിനു സമീപം ശിവൻസ് സ്റ്റുഡിയോ തുടങ്ങിയതോടെ ആണു വളർച്ചയുടെ അടുത്ത ഘട്ടം. രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരും ശിവന്റെ അടുപ്പക്കാരായി. സത്യനും നസീറും അവിടത്തെ നിത്യ സന്ദർശകരായിരുന്നു. ചെമ്മീന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയതോടെ ആണ് സിനിമയുമായി അടുപ്പം തുടങ്ങുന്നത്. സിനിമ എടുത്തു കൂടേയെന്നു ശിവനോട് ആദ്യം ചോദിച്ചത് സത്യനായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഡോക്യുമെന്ററി ചിത്രങ്ങൾ എടുത്തു തുടങ്ങിയത്. ആ സമയത്താണു ക്യാമറ ചോദിച്ചു മെറിലാൻഡിൽ പോയ സംഭവം ഉണ്ടായത്.
ഇതിനിടെ പ്രേമിച്ച പെണ്ണിന്റെ കഴുത്തിൽ അദ്ദേഹം വളരെ സാഹസികമായി താലി കെട്ടി. തന്റെയും ചന്ദ്രമണിയുടെയും കല്യാണത്തിന്റെ കഥ പറഞ്ഞാൽ അതിൽ സസ്പെൻസും ത്രില്ലും ധാരാളം ഉണ്ടെന്നു ശിവൻ പറയുമായിരുന്നു. മക്കളെല്ലാം വളർന്നു സിനിമയിലേക്കു പോയപ്പോൾ ശിവനു കൂട്ട് ചന്ദ്രമണി ആയിരുന്നു. എന്നാൽ ഏതാനും വർഷം മുൻപ് അവർ യാത്ര പറഞ്ഞതോടെ അദ്ദേഹം തനിച്ചായി. എങ്കിലും ഭാര്യയുടെ ഓർമകളിലാണ് അദ്ദേഹം അന്ത്യം വരെയും ജീവിച്ചത്. വർഷങ്ങളുടെ ശ്രമ ഫലമായി അദ്ദേഹം കെട്ടിപ്പടുത്തതാണു ‘ശിവൻസ്’എന്ന സ്ഥാപനം. അവിടെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പത്തായിരുന്നു മിടുക്കരായ മക്കൾ. അവർ മലയാളത്തിനു മാത്രമല്ല ഇന്ത്യൻ സിനിമയ്ക്കു തന്നെ മുതൽക്കൂട്ടായി മാറി.

- Advertisement -spot_img

Latest