അനുരാജ് എന്ന ഐ.ടി പ്രൊഫഷലിന് ആനവണ്ടിയോട് അത്രമേൽ ഇഷ്ടമാണ്. കാലങ്ങളായി തുടരുന്ന ഈ ഇഷ്ടം കല്യാണനാളിലും മറച്ചുവെച്ചില്ല. കരകുളം അയണിക്കാട് അനുഭവനിൽഅനുരാജാണ് വിവാഹദിവസത്തിലും കെ.എസ്.ആർ.ടി.സി ബസിനെ ഒപ്പം കൂട്ടിയത്. നെടുമങ്ങാട് ഡിപ്പോയിൽനിന്നും ബുക്ക് ചെയ്ത ബസിലാണ് അനുരാജ്, ആര്യനാടിന് സമീപത്തെ മരങ്ങാട് സിയോൺ മാർത്തോമാ ചർച്ചിലെത്തി മരങ്ങാട് സ്വദേശിനി പ്രിയയെ പങ്കാളിയാക്കിയത്. വ്യാഴാഴ്ചയായിരുന്നു ഇവരുടെ വിവാഹം. വാഹനങ്ങൾ സ്വന്തമാക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടായിട്ടും ഇന്നുവരെ അനുരാജ് ഒരു ടൂവീലർ പോലും വാങ്ങിയിട്ടില്ല. പഠിക്കുമ്പോഴും പിന്നീട് തിരുവനന്തപുരം ടെക്നോപാർക്കിലെ ക്യുബാസ്റ്റ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിട്ടും തന്റെ യാത്ര കെ.എസ്.ആർ.ടി.സിയിൽ മാത്രം. വിവാഹം കഴിക്കാൻ പോകുന്നതും കെ.എസ്.ആർ.ടി.സിയിൽ മതിയെന്ന ആഗ്രഹത്തിന് ബന്ധുക്കൾ കൂടി പിന്തുണച്ചതോടെ ബസ് ബുക്ക് ചെയ്ത് അതിനെ മനോഹരമായി അലങ്കരിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസിനൊപ്പം ഫോട്ടോഷൂട്ട് നടത്താനും നവദമ്പതികൾ മറന്നില്ല..